മന്ത്രി മൊയ്തീന്‍ പോളിങ് ചട്ടലംഘിച്ചില്ലെന്ന റിപ്പോർട്ട്; കളക്ടറെ മാറ്റണമെന്ന് ടിഎൻ പ്രതാപൻ

തൃശൂര്‍: ജില്ലാ കലക്ടറെ തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്ന് മാറ്റണമെന്ന് യുഡിഎഫ് നേതാവും എംപിയുമായ ടിഎന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു. മന്ത്രി എസി മൊയ്തീന്‍ പോളിങ് ആരംഭിക്കേണ്ട എഴ് മണിക്ക് മുന്‍പെ വോട്ട് ചെയ്ത് ചട്ടലംഘനം നടത്തിയ ആരോപണത്തില്‍ പിഴവില്ലെന്ന കലക്ടറുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. എല്‍ഡിഎഫ് കണ്‍വീനറെ പോലെയാണ് കലക്ടര്‍ പെരുമാറുന്നതെന്നും പ്രതാപന്‍ പറഞ്ഞു.

മന്ത്രിയെ രക്ഷിക്കുന്നതിന് ജില്ലാ കലക്ടര്‍ കള്ളം പറയുകയാണ്. മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ നടപടി ചട്ടലംഘനമാണെന്നും വോട്ട് റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും പ്രതാപന്‍ പറഞ്ഞു.

മന്ത്രി വോട്ട് ചെയ്തതില്‍ ചട്ടലംഘനം നടത്തിയ ആരോപണത്തില്‍ പിഴവുണ്ടായിട്ടില്ലെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ട്. പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചില്‍ ഏഴ് മണി ആയപ്പോഴാണ് വോട്ടിംഗ് തുടങ്ങിയത്. ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്‍കി.

തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി എസി മൊയ്തീന്‍ വോട്ട് രേഖപ്പെടുത്തിയത്. മന്ത്രി 6.55-ന് വോട്ട് ചെയ്തെന്നാണ് വിവാദം. പിന്നാലെ മന്ത്രി ചട്ടവിരുദ്ധമായി വോട്ട് ചെയ്തുവെന്ന ആരോപണവുമായി അനില്‍ അക്കര എംഎല്‍എ രംഗത്തെത്തി. കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് പ്രിസൈഡിങ് ഓഫീസര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു.