പുരസ്കാര വേദിയിൽ കേന്ദ്രമന്ത്രി നൽകിയ അവാർഡ് നിരസിച്ച് ശാസ്ത്രജ്ഞൻ ; സ്തംബ്ധരായി വിശിഷ്ടാതിഥികൾ

ന്യൂഡെൽഹി: പുരസ്കാര സമർപ്പണവേദിയിലെത്തിയ മുതിർന്ന ശാസ്ത്രജ്ഞൻ കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പുരസ്കാരം നിഷേധിച്ചു. കാർഷിക ശാസ്ത്രജ്ഞനും നിരവധി അവാർഡുകൾ നേടിയിട്ടുമുള്ള ഡോക്ടർ വരീന്ദർപാൽ സിങ്ങാണ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാതെ മടങ്ങിയത്. വിശിഷ്ടാതിഥികൾ ഒരു നിമിഷത്തേക്ക് സ്തംബ്ധരായി. പ്രധാനമന്ത്രിയ്ക്ക് നൽകാൻ ഒരു കത്തും ഏൽപിച്ചായിരുന്നു വരീന്ദർപാൽ സിങ്ങിൻ്റെ മടക്കം.

ഫെർട്ടിലൈസേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ തിങ്കളാഴ്ച ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു സംഭവം. സസ്യഗവേഷണ മേഖലയിൽ ഡോക്ടർ വരീന്ദർപാൽ സിങ് നൽകിയ 48 കൊല്ലത്തെ സംഭാവന മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന് പുരസ്കാരം നൽകിയത്. പുരസ്കാരം സ്വീകരിക്കാൻ ക്ഷണിച്ചയുടൻ വേദിയിലെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നൽകാൻ എഴുതിയ കത്തിന്റെ കോപ്പി എഫ്എഐയുടെ ഡയറക്ടർ ഡോക്ടർ സതീഷ് ചന്ദറിനെ ഏൽപിച്ചു.

നമ്മുടെ കർഷകർ തെരുവുകളിൽ കഴിയുമ്പോൾ ഈ പുരസ്കാരം സ്വീകരിക്കാൻ എന്റെ മനസാക്ഷി എന്നെ അനുവദിക്കുന്നില്ല-തന്റെ ലഘുപ്രസംഗത്തിൽ ഡോക്ടർ വരീന്ദർ പാൽ സിങ് പറഞ്ഞു. പുരസ്കാരം സ്വീകരിക്കണമെന്ന് നിരവധി പേർ ആവശ്യമുയർത്തുന്നതിനിടെ ‘കർഷകരെ ഞങ്ങൾ പിന്തുണയ്ക്കുന്നു’ എന്ന് പ്രഖ്യാപിച്ച് അദ്ദേഹം വേദി വിട്ടു. തന്റെ തീരുമാനം കാരണം എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ അതിൽ അനുതാപമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താനൊരു രാഷ്ട്രീയപ്രവർത്തനോ ഭീകരവാദിയോ അല്ലെന്നും കർഷകക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരിന്ത്യാക്കാരനാണെന്നും പ്രധാനമന്ത്രിക്കെഴുതിയ കത്തിന്റെ ആദ്യത്തെ വരിയായി അദ്ദേഹം കുറിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകർക്ക് അനാവശ്യമുണ്ടായ വിഷമവും പ്രയാസവും കാരണം പുരസ്കാരം സ്വീകരിക്കാൻ വിമുഖതയുണ്ടെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.