എടത്വാ: പ്രളയത്തെയും പ്രതിസന്ധികളെയും അതിജീവിച്ച കുട്ടനാടൻ ജനത വോട്ടെടുപ്പിലൂടെ ജനാധിപത്യത്തെ നെഞ്ചിലേറ്റിയ അനുഭവക്കുറിപ്പ് പങ്കുവച്ച് ഫസ്റ്റ് പോളിംഗ് ഓഫീസർ. ഇത് പോളിംഗ് ആഘോഷമാക്കിയ ഉദ്യോഗസ്ഥരുടെയും വോട്ടർമാരുടെയും കഥയാണ്. ഇല്ലായ്മകളും പരിമിതികളും നിറനന്മകളായി മാറിയ അനുഭവമാണ്.
ഒറ്റപ്പെട്ട കുട്ടനാടൻ ഗ്രാമത്തിലെത്തിയ പോളിംഗ് സ്റ്റേഷനാക്കേണ്ട വായനശാലയിലെ പരിമിത സൗകര്യങ്ങൾ കണ്ട് പോളിംഗ് ഉദ്യോഗസ്ഥർ ആദ്യമൊന്ന് ഞെട്ടി. ചെറിയ റോഡ്, അടുത്തെങ്ങും ചായക്കടപോലുമില്ല. ഒരു നിമിഷത്തെ ചിന്ത മാറ്റി മറിക്കുന്നതായിരുന്നു പിന്നെ സംഭവിച്ചതെല്ലാം.
ഹൃദ്യമായ ആതിഥ്യ മര്യാദകൾ. അടുത്ത ബന്ധുക്കളെ പോലെ ഉദ്യോഗസ്ഥരെ കണ്ട കുട്ടനാട്ടൻ നന്മ, പോളിംഗ് ഉദ്യോഗസ്ഥനും കെഎസ്ഇബി ജീവനക്കാരനുമായ ചേർത്തല തണ്ണീർമുക്കം സ്വദേശി
സിബി മാത്യൂ മങ്കുഴിക്കരിക്ക് അവിസ്മരണീയ അനുഭവമായി. സംതൃപ്തമായ പോളിംഗ് ഓർമ സിബി പങ്കുവയ്ക്കുന്നതിങ്ങനെ,
50 വർഷം മുൻപ് . കുമരി കുഞ്ഞൻ കുടികിടപ്പ് കിട്ടിയ പത്ത് സെന്റിൽ നിന്ന് രണ്ട് സെന്റ് ഒരു വായനശാലയ്ക്കായി സംഭാവന നല്കിയതിനെക്കുറിച്ച് ചിന്തിക്കുക…. വായനശാല ഇരിക്കുന്ന സ്ഥലം ഇന്നും ദേശീയപാതാ നിലവാരത്തിലുള്ള റോഡരികിലല്ല. അവിടുത്തുകാർക്ക് ടാറിട്ട് റോഡ് കാണണമെങ്കിൽ ഇനിയും അര കിലോമീറ്ററർ ദൂരം പിന്നിടണം..
ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ രണ്ടാം നമ്പർ ബുത്താണ് “യുഗതാര വായനശാല കളങ്ങര ” ഭാഗ്യവശാൽ സർവ്വീസിലെ ആദ്യ തിരഞ്ഞെടൂപ്പ്
ചുമതല ഈ ഒറ്റമുറി ഗ്രന്ഥശാലയിൽ. തികച്ചും നിഷ്കളങ്കരും, ഊർജ്ജസ്വലരുമായ ഗ്രാമീണർ. തിരഞ്ഞെടുപ്പിന്റെ തലേനാൾ രണ്ട് മണിയോടുകൂടി ഞങ്ങളുട ടീം അവിടെ എത്തി വാഹനത്തിന്റെ സാരഥി മുൻകൂട്ടി പറഞ്ഞിരുന്നു ; സൗകര്യങ്ങൾ ഒക്കെ ഇത്തിരി കുറവാണെങ്കിലും നാട്ടുകാർ നല്ല സഹകരണമാണ് എന്ന് ; ഉത്കണ്ഠയും, കൗതുകവും നിറഞ്ഞ മനസ്സുമായി ഒരു കാറിൽ ആറു പേരടങ്ങുന്ന ടീം ” സാമൂഹ്യ അകലം ” പാലിച്ച് അവിടെ എത്തി.
” യുഗതാര ഗ്രന്‌ഥശാല ആൻ്റ് വായനശാല ” എന്ന ബോർഡ് വായിച്ച് കൊണ്ട് റൂട്ട് ഓഫീസർ വാതിൽ തുറന്നപ്പോൾ ഈ നിരവധി ഫർണിച്ചറുകളുടെ ഇടയിൽ എങ്ങനെ കൊറോണ കാലത്ത് ബൂത്ത് ഒരുക്കും എന്ന ചിന്തയായിരുന്നു… നല്ലവരായ അയൽവാസികൾ ആദ്യമേ പറഞ്ഞു ഇവിടെ ഇങ്ങനെ സൗകര്യമില്ലന്ന് തോന്നുമെങ്കിലും തിരിച്ച് പോകുമ്പോൾ നിങ്ങൾ സന്തോഷഭരിതരായിരിക്കും.
തൊട്ടടുത്ത വീടുകളിൽ സൗകര്യങ്ങൾ എല്ലാമുണ്ട് , സ്‌ത്രീകളായ തെരഞ്ഞെടുപ്പ് ചുമതലക്കാർക്ക് അവിടെ മുറി ഒരുക്കിയിട്ടുണ്ട്, ഇപ്പോൾ ഭക്ഷണം കഴിക്കാൻ വരുക., എത്ര ഹൃദ്യമായ ആതിഥ്യ മര്യാദ… ഉച്ച ഭക്ഷണം കരുതാതിരുന്ന ഞങ്ങൾ രണ്ടുപേർക്ക് അടുത്തെങ്ങും ഹോട്ടലോ , ചായക്കടയോ ഇല്ലന്നത് ബോധ്യമാക്കിയത് ആ സംഭാഷണമായിരുന്നു. , സുനി ചേട്ടന്റെ വീട്ടിൽ നിന്ന് രണ്ടര മണിക്ക് ഉച്ചഭക്ഷണം കഴിച്ചു കൊണ്ട് എടത്വയിലെ കളങ്ങര ഗ്രാമത്തെ അറിയാൻ തുടങ്ങി
നെൽ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന കർഷകർ, 2018 ലെ വെളളപ്പൊക്ക അടയാളങ്ങൾ വീടിന്റെ തോളൊപ്പമുള്ള ചുവരിൽ കാട്ടി തരുമ്പോൾ അവർ പറയുന്നുണ്ടായിരുന്നു. കിട്ടിയ വസ്ത്രവുമായി രക്ഷപെട്ട് രണ്ടു നാൾ കഴിഞ്ഞാണ് ബന്‌ധുക്കളും , നാട്ടുക്കാരും എവിടെയൊക്കെയാണ് എന്നറിയുന്നത് തന്നെ….., ഞങ്ങൾക്കും , ഒരു പക്ഷം ഉണ്ട് പക്ഷെ ഞങ്ങൾക്ക് നിങ്ങൾ അതിഥികൾ തന്നെയാണ് അവരുടെ രാഷ്ടീയം അവിടെ പറഞ്ഞു തീർത്തു.
വായനാശാല സെക്രട്ടറി സജീവും, അയൽവാസികളായ വിശ്വഭരൻ ചേട്ടനും, സന്തോഷും, ആശാവർക്കർ ചേച്ചിയും മറ്റ് എല്ലാവരും കൂടി അധികമായ ഫർണ്ണിച്ചർ എല്ലാം ഒഴിവാക്കിയും ആവശ്യമായവ സംഘടിപ്പിച്ചും ബൂത്തിന്റെ ഉൾവശം രൂപപ്പെടുത്തി. ,
പ്രിസൈഡിംഗ് ഓഫീസർ ഡോ. സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ഞങ്ങളും ചുമതലകളിലേക്ക് മുഴുകി..സമയാസമയങ്ങളിൽ ഞങ്ങളുടെ ഭൗതീക സൗകര്യങ്ങൾക്ക് അവശ്യമായ കരുതലുമായി ഗ്രന്ഥശാലയുടെ അയൽ വാസികളും പുറത്ത് ഉണ്ടായിരുന്നു.,
കോവിഡ് കാലത്തെ തിരഞ്ഞെടുപ്പായതിനാൽ വോട്ടേഴ്സ് ലിസ്റ്റിന്റെ “മാർക്കിഡ് കോപ്പിയും” മായി സെക്ടറൽ ഓഫീസർ വെളുപ്പിനെ 1.45 നാണ് എത്തിയത്….
രാവിലെ നാലര മണിക്ക് ഗ്രനഥശാലക്ക് സ്ഥലം സംഭാവന നല്കിയ കുമരി കുഞ്ഞന്റെ മകൻ 70 വയസുള്ള വിശ്വംഭരൻ ചേട്ടൻ കട്ടൻ ചായയുമായി വിളിച്ചുണർത്തി.
ഒരു ചോദ്യം “കുളിക്കാൻ കാച്ചിയ എണ്ണ വേണോ ” ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി വോട്ടവകാശം സജീകരിക്കാൻ നിയുക്‌തരായവരോടുള്ള വിശ്വംഭരൻ ചേട്ടന്റെ കരുതലിനു കൂപ്പുകൈ….
വൈകിട്ട് 6.09ന് തന്നെ പോളിംഗ് അവസാനിപ്പിച്ചു. ബാലറ്റ് യൂണിറ്റ് ക്ലോസ് ചെയ്യതപ്പോൾ 417 പേർ സമ്മതിദാനവകാശം നിറവേറ്റി (73.67%) എന്ന് സംതൃപ്തിയും ; ബൂത്തിനകത്ത് ഏറ്റവും സമാധനപരവും, തടസ്സരഹിതവുമായാ ഒരു തിരഞ്ഞെടുപ്പിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം ടീം ഒന്നാകെ പങ്ക് വച്ചു.
കളങ്ങര ഗ്രാമവാസികളെയും , 50 വർഷം മുൻപ് ഗ്രന്ഥശാല സ്ഥാപിച്ച് കുമരി കുഞ്ഞൻ എന്ന് സുകൃതം ചെയ്ത മനുഷ്യ സ്നേഹിയെയും നന്ദിയോടെ സ്മരിക്കുന്നു. , …
കളങ്ങര എത്തി തിരികെ പോരുന്നിടം വരെ വൈദ്യൂതി തടസ രഹിതമായി നിലനിർത്താൻ ജാഗ്രത കാട്ടിയ കെഎസ്ഇബി എടത്വാ സെക്‌ഷനിലെ ജീവനക്കാരോടും നന്ദി പറയാതിരിക്കാനാവില്ല ” കുറിപ്പ് അവസാനിക്കുന്നു.