അസുഖത്തിന് കുറവ്; സിഎം രവീന്ദ്രനെ ഇന്ന് ഡിസ്ചാർജ് ചെയ്യും

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് തീരുമാനം എടുത്തത്. ഒരാഴ്ചത്തെ വിശ്രമവും നിർദ്ദേശിച്ചിട്ടുണ്ട്.

സിഎം രവീന്ദ്രൻ ചികിത്സയിൽ തുടരുന്ന ഫിസിക്കൽ മെഡിക്കൽ വിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷമായിരുന്നു തീരുമാനം. കൊറോണ ബാധിച്ചതിന് ശേഷം ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അറിയിച്ചാണ് സിഎം രവീന്ദ്രൻ മെഡിക്കൽ കോളേജിൽ അഡ്മിറ്റായത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ മൂന്ന് തവണ ഇഡി സിഎം രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റാവുകയായിരുന്നൂ.

വീട്ടില്‍ പൂര്‍ണ വിശ്രമം വേണമെന്നാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുള്ളത്. സി എം രവീന്ദ്രന്റെ രോഗനിര്‍ണയം നടത്തുന്നതിനായി എംആര്‍ഐ സ്‌കാന്‍ അടക്കമുള്ള വിശദ പരിശോധനകള്‍ നടത്തിയിരുന്നു. തിങ്കളാഴ്ചയാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്.

ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍പ് രണ്ടുതവണ എന്‍ഫോഴ്‌സ്‌മെന്റ് രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യത്തെ തവണ കൊറോണ ബാധയെ തുടര്‍ന്നും രണ്ടാമത്തെ തവണ കൊറോണാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നും രവീന്ദ്രന്‍ ഹാജരായിയിരുന്നില്ല. മൂന്നാം തവണയും ഹാജരാകാതിരുന്ന രവീന്ദ്രന്‍, ഇന്നലെ രണ്ടാഴ്ചത്തെ സാവകാശം തേടി ഇഡിക്ക് ഇമെയില്‍ സന്ദേശം അയക്കുകയും ചെയ്തിരുന്നു.