കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഉദ്യോഗസ്ഥരെ പഴിചാരി മുൻമന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്. ഉദ്യോഗസ്ഥർ തന്നെ കാര്യങ്ങൾ അറിയിച്ചില്ലെന്നും ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും കോടതിയിൽ വ്യക്തമാക്കി. പാലാരിവട്ടം മേൽപാലം നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യാപേക്ഷയിലാണ് ഇബ്രാഹിംകുഞ്ഞ് ഇക്കാര്യം പറഞ്ഞത്. അങ്ങനെയെങ്കിൽ മന്ത്രി റബ്ബർ സ്റ്റാംപ് ആണോയെന്ന് കോടതി തിരിച്ചു ചോദിച്ചു. ജാമ്യാപേക്ഷയിൽ വിധിപറയാനായി തിങ്കളാഴ്ചത്തേക്ക് കേസ് മാറ്റി.
നിയമസഭാ സ്പീക്കറുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിംകുഞ്ഞ് ഹർജിയിലൂടെ സ്വയം പ്രതിരോധിക്കാൻ ശ്രമിച്ചത്. നിയസഭാ സ്പീക്കർ ഊരാളുങ്കൽ സൊസൈറ്റിക്ക് അഡ്വാൻസ് നൽകിയിട്ടുണ്ടെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. മൊബിലൈസേഷൻ അഡ്വാൻസ് നൽകുന്നത് തെറ്റല്ല.
ഊരാളുങ്കൽ സൊസൈറ്റിക്ക് സ്പീക്കർ 13 കോടി രൂപ അഡ്വാൻസ് നൽകിയതിന് തെളിവുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയിൽ പറഞ്ഞു. കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കണ്ടെത്തൽ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സയ്ക്കായി സ്വയം തിരഞ്ഞെടുത്ത ആശുപത്രിയിൽനിന്ന് അടിയന്തിരമായി എന്തിന് പുറത്തു കടക്കണമെന്ന് കോടതി ചോദിച്ചു. പിഡബ്ല്യുഡി കരാറുകളിൽ മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ നിയമം അനുവദിക്കുന്നില്ലെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു.
മേൽപാലം നിർമാണ കരാർ ആർഡിഎസ് കമ്പനിക്ക് നൽകാൻ ടെൻഡറിനു മുൻപുതന്നെ തീരുമാനിച്ചിരുന്നെന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. 2013ൽ മസ്കറ്റ് ഹോട്ടലിൽ ഇതിനായി ഗൂഢാലോചന നടത്തി. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യംചെയ്യണമെന്നും ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും വിജിലൻസ് കോടതിയിൽ പറഞ്ഞു.