പാലക്കാട്: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ കൊഴുപ്പിക്കാൻ കേരളത്തിലേക്കെത്തിച്ച 125 കിലോ കഞ്ചാവ് പിടികൂടി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്നെത്തിച്ച ഉണക്ക കഞ്ചാവാണ് പിടിച്ചെടുത്തത്. കേസില്‍ പട്ടാമ്പി സ്വദേശി വിജേഷ്, പയ്യന്നൂര്‍ സ്വദേശി ഷിനോജ്, എറണാകുളം സ്വദേശികളായ രാജേഷ്, സിസ്കണ്‍ എന്നിവരാണ് പിടിയിലായത്.
കൊച്ചി കേന്ദ്രീകരിച്ച് വില്പന നടത്താനാണ് കഞ്ചാവ് കടത്തിയത്. മധുരക്കിഴങ്ങ് ചാക്കുകള്‍ക്കിടയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് കടത്തിയ മിനിലോറിയക്ക് പൈലറ്റ് വാഹനമായി രണ്ടുപേര്‍ ആഡംബര കാറില്‍ മുന്നില്‍ സഞ്ചരിച്ചിരുന്നു. വിശാഖപട്ടണം ജില്ലയിലെ പാടയിലു എന്ന സ്ഥലത്തു നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
പിടിച്ചെടുത്ത ലോഡിന് വിപണിയില്‍ രണ്ടുകോടി രൂപ വില വരുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഷാജി എസ്. രാജന്‍ പറഞ്ഞു. പിടിയിലായവര്‍ക്കെതിരെ ലഹരികടത്തുമായി ബന്ധപ്പെട്ട് നേരത്തെയും നിരവധി കേസുകളുണ്ട്.
ആന്ധ്രയിലെ പാടയിലു എന്നയിടം കേന്ദ്രീകരിച്ച് കഞ്ചാവ് കൃഷി നടത്തുന്ന ലോബിയുമായി അടുത്ത ബന്ധം ഇവര്‍ക്കുണ്ടെന്നാണ് സംശയം. ഇത്തവണ പാലക്കാട് അതിര്‍ത്തി കടന്ന് കൂടുതല്‍ ലഹരി ഒഴുകാന്‍ സാധ്യതയുണ്ടെന്നാണ് എക്സൈസ്-പൊലീസ് സംഘത്തിന്റെ വിലയിരുത്തല്‍.