സ്വപ്നയെയും സരിത്തിനെയും ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി തേടി എന്‍ഫോഴ്‌സ്‌മെന്റ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികളെ ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ജയിലില്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ അനുമതി തേടി. മൂന്നു ദിവസം ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.
ഉന്നതരുടെ പങ്ക് സംബന്ധിച്ച കസ്റ്റംസ് ചോദ്യം ചെയ്യലില്‍ പ്രതികളില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണു ഇഡി ചോദ്യം ചെയ്യല്‍ അപേക്ഷ നല്‍കിയത്.

ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റി. ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുത് എന്ന് ആവശ്യപ്പെട്ട് ചിലര്‍ ജയിലിലെത്തി തന്നെ ഭീഷണിപ്പെടുത്തിയതായി സ്വപ്ന അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചിരുന്നു. സ്വപ്നയും സരിത്തും കോടതിയില്‍ രഹസ്യമൊഴിയും നല്‍കിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് അന്വേഷണ സംഘത്തിന്റെ നീക്കം.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ നാല് പ്രതികളെ കൂടി എന്‍ഐഎ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. സിദ്ദിഖുല്‍ അക്ബര്‍, മുഹമ്മദ് ഷമീര്‍, രതീഷ്, അഹമ്മദ് കുട്ടി എന്നിവര്‍ക്ക് എതിരെയാണ് നടപടി. പ്രതികള്‍ നാല് പേരും യുഎഇയില്‍ ഉണ്ടെന്ന് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ എന്‍ഐഎ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. പ്രതികള്‍ക്ക് എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും നിലവിലുണ്ട്.