കൊറോണ പ്രതിരോധം; ഫൈസർ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അമേരിക്കയുടെ അനുമതി

വാഷിംഗ്ടൺ: കൊറോണ പ്രതിരോധത്തിനുള്ള ഫൈസർ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അമേരിക്കയുടെ അനുമതി. അമേരിക്കൻ ഭരണകൂടമാണ് ഫൈസർ-ബയോൺടെക് വാക്സിന് അനുമതി നൽകിയത്. നിലവിൽ ബ്രിട്ടൺ, കാനഡ, ബഹ്റൈൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഫൈസർ വാക്സിന് അനുമതി നൽകിയിട്ടുണ്ട്.

44,000 പേരിലാണ് വാക്സിൻ പരീക്ഷണം നടത്തിയത്. മൂന്നാം ഘട്ട പരീക്ഷണത്തിൽ വാക്സിന് 95 ശതമാനം ഫലപ്രാപ്തി സ്ഥിരീകരിച്ചതായും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും ഇല്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

മെസ്സെൻജർ ആർഎൻഎ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാക്സിനാണ് ഫൈസർ-ബയോൺ ടെക്ക് വികസിപ്പിച്ചിരിക്കുന്നത്. ഗവേഷണ ഫലം വ്യാഴാഴ്ച ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ, ബ്രിട്ടണിൽ ഫൈസർ-ബയോൺടെക് വാക്സിൻ സ്വീകരിച്ച രണ്ടു പേർക്ക് പ്രതികൂലഫലങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അലർജിയുളളവർ വാക്സിൻ സ്വീകരിക്കരുതെന്ന് ബ്രിട്ടണിലെ മെഡിസിൻ റെഗുലേറ്ററി അതോറിറ്റി നിർദേശിച്ചിരുന്നു