ബാര്‍കോഴ; മുന്‍മന്ത്രിമാർക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് ഗവര്‍ണര്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു

തിരുവനന്തപുരം : ബാര്‍കോഴയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രിമാരായ കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ ഗവര്‍ണര്‍ കൂടുതല്‍ രേഖകള്‍ തേടി. മുന്‍മന്ത്രിമാര്‍ക്കെതിരായ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് നേരത്തെ ഗവര്‍ണറെ സമീപിച്ചിരുന്നു. ഇതിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി.

കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടറോട് നേരിട്ട് ഹാജരാകാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിജിലന്‍സ് ഗവര്‍ണര്‍ അവധിയില്‍ നാട്ടിലായതിനാല്‍ കൂടിക്കാഴ്ച നടന്നിരുന്നില്ല. വിജിലന്‍സ് ഐജി നേരിട്ടെത്തി ഗവര്‍ണറുമായി ആശയ വിനിമയം നടത്തിയിരുന്നു.

ഇതിന് ശേഷമാണ് ഗവര്‍ണര്‍ കൂടുതല്‍ രേഖകള്‍ തേടിയത്. കേസുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍ നടന്ന അന്വേഷണം, ആ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍, ഇപ്പോള്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ മതിയായ തെളിവുകളുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് വിജിലന്‍സിനോട് ഗവര്‍ണര്‍ വിശദീകരണം തേടിയത്.

ഈ കേസില്‍ നേരത്തെ പലതവണ അന്വേഷണം നടത്തുകയും, ആരോപണങ്ങളില്‍ കഴമ്പില്ലാത്തതാണെന്ന് ബോധ്യപ്പെട്ടതാണെന്നും കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് നേരത്തെ കത്തു നല്‍കിയിരുന്നു. ഈ കത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടത്.