വോട്ടെടുപ്പിന് മുമ്പേ മന്ത്രി മൊയ്തീൻ വോട്ട് ചെയ്തത് വിവാദത്തിൽ; പരാതി ലഭിച്ചാൽ നടപടിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

തൃശ്ശൂർ: വോട്ടെടുപ്പ് ആരംഭിക്കുന്ന ഏഴ് മണിക്ക് മുമ്പേ മന്ത്രി എസി മൊയ്തീൻ വോട്ട് രേഖപ്പെടുത്തിയത് വിവാദത്തിൽ. മന്ത്രിയുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അനിൽ അക്കര എംഎൽഎ രംഗത്തെത്തി. പോളിങ്ങ് ഔദ്യോഗികമായി തുടങ്ങുന്നതിന് മുമ്പ് തന്നെ മന്ത്രി വോട്ട് ചെയ്തുവെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അനിൽ അക്കരെ വ്യക്തമാക്കി.

തെക്കും തറ കല്ലംമ്പാറ ബൂത്തിലാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. സ്ഥിരമായി തെരഞ്ഞെടുപ്പിൽ തന്റെ ബൂത്തിലെ ആദ്യ വോട്ടറായി മന്ത്രി മാറാറുണ്ട്. ഇത്തവണയും ആദ്യം വോട്ട് രേഖപ്പെടുത്താൻ മന്ത്രി മൊയ്തീൻ ക്യൂവിലുണ്ടായിരുന്നു. രാവിലെ 6.40 ന് മന്ത്രി ബൂത്തിലെത്തി ക്യൂ നിന്നു. വരിയിലെ ഒന്നാമനും മന്ത്രിയായിരുന്നു.

ഒരുക്കങ്ങൾ പൂർത്തിയായ ശേഷം പോളിങ് ഉദ്യോഗസ്ഥർ മന്ത്രിയോട് വോട്ട് രേഖപ്പെടുത്താൻ ആവശ്യപ്പെട്ടു. മന്ത്രി ബൂത്തിൽ കയറി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. പക്ഷെ പോളിങ് തുടങ്ങേണ്ട ഏഴ് മണിക്ക് പിന്നെയും മിനിറ്റുകൾ ബാക്കിയുണ്ടായിരുന്നു. സംഭവത്തെകുറിച്ച് പരാതി കിട്ടിയാൽ പരിശോധിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കർ അറിയിച്ചു.

രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് പോളിങ്ങിന്റെ ഔദ്യോഗിക സമയം. അതിന് മുമ്പ് വോട്ട് രേഖപ്പെടുത്തുന്നത് ചട്ടവിരുദ്ധമാണ്. മന്ത്രി എ.സി മൊയ്തീൻ രാവിലെ 6.55 ന് വോട്ട് ചെയ്തുവെന്നാണ് അനിൽ അക്കരെയുടെ പരാതി. യുഡിഎഫ് തിരഞ്ഞെടുപ്പ് ഏജന്റ് പോളിങ്ങ് ഓഫീസർക്ക് പരാതിനൽകിയിട്ടുണ്ട്.

‘വരിനിന്നാണ് വോട്ട് ചെയ്തത്. പോളിംങ് ഓഫീസർ വോട്ടിങ്ങ് ആരംഭിക്കുന്നതായി അറിയിച്ചു. അകത്ത് കയറി വോട്ട് ചെയ്ത് മടങ്ങി. പത്രക്കാരും ചാനലുകളും ഉണ്ടായിരുന്നു. ഒരു വിവാദവും എതിർപ്പും അവിടെ ഉണ്ടായില്ല. മാധ്യമങ്ങളോട് സംസാരിച്ചാണ് മടങ്ങിയത്. വിവാദങ്ങൾ സൃഷ്ടിക്കുന്നത് ആരെന്ന് അറിയുന്നവരാണ് എല്ലാവരും’-മന്ത്രി പറഞ്ഞു.