വീട്ടുജോലിക്കാരി ഫ്ലാറ്റിൽനിന്ന് ചാടിയ സംഭവം; ഒടുവിൽ ഉടമയ്‌ക്കെതിരെ കേസെടുത്തു

കൊച്ചി: മറൈൻ ഡ്രൈവിൽ ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് വീട്ടുജോലിക്കാരി സാരികൾ കൂട്ടിക്കെട്ടി താഴേയ്ക്കു ചാടിയ സംഭവത്തിൽ ഫ്ലാറ്റ് ഉടമ ഇംതിയാസ് അഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. അഭിഭാഷകൻ ആയ ഇമ്ത്യാസ് അഹമ്മദിന് എതിരെ സെൻട്രൽ പൊലീസാണ് കേസ് എടുത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിൻറെ ആറാം നിലയിൽ നിന്ന് വീട്ടുജോലിക്കാരിയായ കുമാരിയെ വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.

പരിക്കേറ്റ കുമാരിയുടെ ഭർത്താവിൻ്റെ പരാതിയിലാണ് കേസെടുത്തത്. ഫ്ലാറ്റ് ഉടമ കുമാരിയെ പൂട്ടിയിട്ടു. ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെടുന്നതിന് ഇടയിലാണ് ആറാം നിലയിൽ നിന്ന് വീണ് പരിക്കേറ്റതെന്നാണ് ഭർത്താവ് ശ്രീനിവാസൻ്റെ മൊഴി. ലോക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് പോയ കുമാരി അപകടം നടക്കുന്നതിന് 5 ദിവസം മുന്നേയാണ് കൊച്ചിയിലെ ഫ്ലാറ്റിൽ തിരികെയെത്തിയത്. എന്നാൽ വീണ്ടും നാട്ടിലേക്ക് പോകണമെന്ന് ഫ്ലാറ്റ് ഉടമയോട് കുമാരി തലേദിവസം ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. ഈ ആവശ്യം ഫ്ലാറ്റ് ഉടമ നിരസിച്ചതോടെയാണ് അടുക്കളയിലേക്കുള്ള വാതിൽ അകത്തു നിന്ന് പൂട്ടി ബാൽക്കണി വഴി രക്ഷപ്പെടാൻ ശ്രമിച്ചതെന്നും കരുതുന്നു.

ഇവരെ വീട്ടുതടങ്കലിൽ വച്ചതിനാണ് കേസെടുത്തിരിക്കുന്നത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാർ പാർക്കിങ്ങിനു മുകളിലേക്കു വീണു പരുക്കേറ്റ സേലം സ്വദേശിനി കുമാരി(55)യുടെ നില ഗുരുതരമായി തുടരുകയാണ്. ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിന്റെ ആറാം നിലയിലെ താമസക്കാരനാണ് ഇംതിയാസ് അഹമ്മദ്. ഇവിടെ രാത്രി അടുക്കളയിൽ ഉറങ്ങാൻ കിടന്ന കുമാരിയെ രാവിലെ താഴെ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് ഇദ്ദേഹം തന്നെയാണ് പൊലീസിനെ അറിയിച്ചത്.

ജനലിൽ നിന്ന് താഴേയ്ക്ക് സാരി കെട്ടി തൂക്കിയിട്ടിരുന്നത് സംഭവത്തിൽ ദുരൂഹത ഉയർത്തിയതോടെ പൊലീസ് ഇദ്ദേഹത്തിന്റെ മൊഴിയെടുത്തിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടാകാതിരുന്നതോടെ ഇവരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ കേസെടുത്തില്ലെന്നായിരുന്നു പൊലീസ് നിലപാട്. ഇവർക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുക്കുമെന്നു ഒരു ഘട്ടത്തിൽ സിഐ പറഞ്ഞെങ്കിലും പിന്നീട് അതു തിരുത്തി.