ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ പ്രതിച്ഛായയും താൽപര്യങ്ങളും വർദ്ധിപ്പിക്കാൻ വൻ വാർത്താ സംവിധാന ശൃംഖല പ്രവർത്തിക്കുന്നതായി ഇയു ഡിസിൻഫൊലാബ് കണ്ടെത്തി. ബൽജിയത്തിലെ ബ്രസ്സൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇയു ഡിസിൻഫൊലാബ്. ഇന്ത്യയിലെ ഏറ്റവും വലിയ വീഡിയൊ വാർത്താ ഏജൻസിയായ ഏഷ്യൻ ന്യൂസ് ഇന്റർനാഷനലും(എഎൻഐ) സ്വകാര്യ വ്യവസായ സ്ഥാപനമായ ശ്രീവാസ്തവ ഗ്രൂപ്പുമാണ് ഈ വ്യാജ വാർത്ത സംവിധാനത്തിന് പിന്നിലെന്ന് ഡിസിൻഫൊലാബ് വെളിപ്പെടുത്തി.
ഇന്ത്യൻ ക്രോണിക്കിൾസ് എന്നാണ് ഈ അന്വേഷണ റിപ്പോർട്ടിന് ഡിസിൻഫൊലാബ് പേരിട്ടിരിക്കുന്നത്. കേന്ദ്ര സർക്കാർ 370-ാം വകുപ്പ് നിർവ്വീര്യമാക്കിയ ശേഷം കാശ്മീരിലേക്ക് യൂറോപ്യൻ യൂണിയൻ പാർലമെന്റിലെ വലതുപക്ഷ എംപിമാരെ കൊണ്ടുവരുന്നതിൽ ഇടനിലക്കാരായി പ്രവർത്തിച്ചത് ശ്രിവാസ്തവ ഗ്രൂപ്പാണ്.
കഴിഞ്ഞ ഒരു വർഷമായി നടത്തുന്ന അന്വേഷണത്തിനൊടുവിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഡിസിൻഫൊലാബ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. ”ഞങ്ങൾ ഇതുവരെ തുറന്നുകാട്ടിയിട്ടുള്ളതിൽ ഏറ്റവും വലിയ ശൃംഖലയാണിത്.” യൂറോപ്യൻ യൂണിയൻ(ഇയു) ഡിസിൻഫൊലാബ് എക്സിക്യൂട്ടിവ് ഡയറക്ടർ അലക്സാണ്ടർ അലഫിലിപ്പ് പറഞ്ഞു.
2016-ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ റഷ്യൻ ഏജൻസികൾ നടത്തിയ ഇടപെടലിനോട് തുലനം ചെയ്യാവുന്ന പ്രവർത്തനമാണിതെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മുഖ്യമായും യൂറോപ്യൻ പാർലമെന്റിലെ എംപിമാരെക്കൊണ്ട് ഇന്ത്യൻ ഭരണകൂടത്തിനനുകൂലമായ ഇടപെടലുകൾ നടത്തിക്കുന്നതിന് സമ്മർദ്ദം ചെലുത്തുകയായിരുന്നു ഈ സംവിധാനം ചെയ്തുകൊണ്ടിരുന്നത്.
ഇത്തരത്തിലുള്ള ഇടപെടലിനു ശേഷം ഏതെങ്കിലും എംപി നടത്തുന്ന പ്രസ്താവനയോ എഴുതുന്ന ലേഖനമോ ശ്രീവാസ്തവ ഗ്രൂപ്പിന്റെ വെബ്സൈറ്റുകൾ പ്രസിദ്ധീകരിക്കും. ഇത് എഎൻഐ ഏറ്റെടുക്കും. യൂറോപ്യൻ പാർലമെന്റിന്റെയും യൂറോപ്യൻ യൂണിയന്റെയും നിലപാടായി ചിത്രീകരിച്ചുകൊണ്ടാവും ഈ പ്രസ്താവനകളും ലേഖനങ്ങളും പുറത്തുവിടുക. ഇന്ത്യയിലെ വിവിധ വാർത്താ മാദ്ധ്യമങ്ങളിൽ ഈ റിപ്പോർട്ടുകൾ വരുന്നതോടെ അവയ്ക്ക് വൻ സ്വീകാര്യത ലഭിക്കും.
2019-ൽ പൊതു തിരഞ്ഞെടുപ്പിനു മുമ്പ് പാക്കിസ്താനെതിരെ ഇന്ത്യൻസൈന്യം നടത്തിയ മിന്നൽ ആക്രമണങ്ങൾ (സർജിക്കൽ സ്ട്രൈക്ക്സ്)ക്ക് അനുകൂലമായി യൂറോപ്യൻ പാർലമെന്റിലെ എംപി റൈസാർഡ് സർനെക്കി എഴുതിയ ലേഖനം ശ്രിവാസ്തവ ഗ്രൂപ്പിന്റെ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇത് എഎൻഐ ഏറ്റെടുത്തു. യൂറോപ്യൻ യൂണിയന്റെ പ്രസ്താവനയായാണ് എഎൻഐ ഈ ലേഖനം റിപ്പോർട്ട് ചെയ്തത്. എക്കണോമിക് ടൈംസ് ഉൾപ്പെടെയുള്ള ഇന്ത്യൻ വാർത്താ മാദ്ധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തു.
ഇതുപോലെ നിരവധി വാർത്തകളാണ് ശ്രീവാസ്തവ ഗ്രൂപ്പും എഎൻഐയും ചേർന്ന് വളച്ചൊടിച്ച് ഇന്ത്യൻ മാദ്ധ്യമങ്ങൾക്ക് നൽകിയിട്ടുള്ളതെന്നാണ് ഡിസിൻഫൊലാബ് കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ, ഇതിന് പിന്നിൽ ഇന്ത്യൻ ഇന്റലിജൻസ് സർവ്വീസസിന്റെ ഇടപെടൽ ഉണ്ടെന്ന് പറയാനാവില്ലെന്ന് ഇ.യു. ഡിസിൻഫൊലാബ് വ്യക്തമാക്കി. ”വളരെ വലിയ സംവിധാനമാണിത്. പക്ഷേ, അതിന്റെ അർത്ഥം ഭരണകൂടം ഇതിന് പിന്നിലുണ്ടാവണമെന്നല്ല. ” വ്യാജ വാർത്ത ശൃംഖലകളെക്കുറിച്ച് അന്വേഷിക്കുന്നതിൽ വൈദഗ്ധ്യമുള്ള ഗ്രാഫിക്കയുടെ ഡയറക്ടർ ബെൻ നിമ്മൊ ബി.ബി.സിയോട് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഭരണകൂടത്തെ സമീപിച്ചെങ്കിലും പ്രതികരണമൊന്നും കിട്ടിയിട്ടില്ലെന്ന് ബിബിസി വ്യക്തമാക്കി.എഎൻഐയിൽനിന്നും ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും ബിബിസി വെളിപ്പെടുത്തി.
ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരമുള്ള പത്ത് സന്നദ്ധ സേവന സംഘടനകളുമായിട്ടെങ്കിലും ശ്രിവാസ്തവ ഗ്രൂപ്പിന് നേരിട്ട് ബന്ധമുണ്ടെന്നാണ് ഡിസിൻഫൊലാബ് കണ്ടെത്തിയിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ ഏജൻസികളെ സ്വാധീനിക്കാൻ കഴിയുന്ന സംഘടനകളാണിത്. കഴിഞ്ഞ 15 വർഷമായി ശ്രിവാസ്തവ ഗ്രൂപ്പ് ഈ ജോലിയിൽ വ്യാപൃതമാണെന്നും ഡിസിൻഫൊലാബ് പറയുന്നു.
വ്യവസായിയായ അങ്കിത് ശ്രീവാസ്തവയാണ് ശ്രിവാസ്തവ ഗ്രൂപ്പിന്റെ മേധാവി. അങ്കിതിന്റെയും അങ്കിതിന്റെ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരുടെയും ഇ മെയിൽ മേൽവിലാസം ഉപയോഗിച്ച് നാനൂറോളം ഡൊമെയ്ൻ പേരുകൾ വാങ്ങിയിട്ടുണ്ടെന്ന് ഡിസിൻഫൊലാബ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.