തിരുവനന്തപുരം: അസംബ്ലിയിലോ മറ്റ് കുട്ടികളുടെ മുന്നിൽവച്ചോ വിദ്യാർഥികളെ അപമാനിക്കുകയോ മാപ്പ് പറയിക്കുകയോ ചെയ്യരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. സ്കൂളിലെ അച്ചടക്കം നിലനിർത്താൻ പ്രിൻസിപ്പലിന് അധികാരമുണ്ടെങ്കിലും അച്ചടക്കലംഘനത്തിൻ്റെ തോതനുസരിച്ച് നടപടി സ്വീകരിക്കുന്നതിന് പകരം കുട്ടിക്ക് മനഃപ്രയാസവും ആത്മാഭിമാനത്തിന് ക്ഷതവും ഉണ്ടാകുന്ന തരത്തിൽ അസംബ്ലിയിൽ പ്രദർശിപ്പിച്ച് അപമാനിക്കുന്നത് ബാലാവകാശ ലംഘനവും കുറ്റകരവുമാണ്.
ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്തെ ഒരു സ്കൂളിലും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ, സിബിഎസ്ഇ റീജിയനൽ ഓഫീസർ, ഐസിഎസ്ഇ സെക്രട്ടറി എന്നിവരോട് കമ്മീഷൻ നിർദേശിച്ചു.
വിദ്യാർഥികൾ അച്ചടക്കം ലംഘിച്ചാൽ അതിൻ്റെ തോതനുസരിച്ച് നിയമാനുസൃതം നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഇത്തരം കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പോലീസ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി ആവശ്യമെങ്കിൽ കേസ് രജിസ്റ്റർ ചെയ്ത് നിയമാനുസൃത നടപടി സ്വീകരിക്കണം.
ഇത്തരം സംഭവം ഉണ്ടായാൽ കടുത്ത ബാലാവകാശ ലംഘനമായി കണക്കാക്കി ശിക്ഷണ നടപടി സ്വീകരികരിക്കുമെന്നും കമ്മീഷൻ അംഗങ്ങളായ കെ.നസീർ, ബി. ബബിത എന്നിവരുടെ ഡിവിഷൻ ബഞ്ച് ഉത്തരവായി.