ന്യൂഡെൽഹി: സോണിയ ഗാന്ധി യുപിഎ അദ്ധ്യക്ഷ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹം തള്ളി കോൺഗ്രസ്. നിലവിലെ ചെയർപേഴ്സൺ സോണിയ ഗാന്ധി രാഷ്ട്രീയത്തിൽനിന്നു മാറി നിൽക്കാൻ തീരുമാനമെടുത്ത സാഹചര്യത്തിലാണു പവാർ യുപിഎ തലപ്പത്തേക്കു വരുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.അതേസമയം യുപിഎ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് സോണിയ ഗാന്ധി മാറുന്നത് സംബന്ധിച്ച് ചർച്ചയൊന്നും നടന്നിട്ടില്ലെന്ന് എഐസിസി വൃത്തങ്ങൾ പറഞ്ഞു.
യുപിഎ നേതൃത്വത്തിലേക്ക് ശരദ് പവാർ വരുമെന്നാണ് റിപ്പോർട്ട്. കർഷകവിഷയത്തിൽ യുപിഎയിലെ നീക്കങ്ങൾക്ക് പവാർ നേതൃത്വം നൽകിയതോടെയാണ് അഭ്യൂഹം ശക്തമായത്. ഈ ആഴ്ച എൺപത് തികയുന്ന ശരദ് പവാർ നേതൃത്വം ഏറ്റെടുക്കാൻ സമ്മതിച്ചെന്നാണ് റിപ്പോർട്ടുകൾ.
കോൺഗ്രസ് നേതൃത്വത്തിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം തിരിഞ്ഞിരുന്നു. പുതിയ അദ്ധ്യക്ഷതെരഞ്ഞെടുപ്പിന് പാർട്ടി നടപടി തുടങ്ങിയിരിക്കെയാണ് സോണിയ ഗാന്ധി യുപിഎ നേതൃത്വം ഒഴിയമെന്ന അഭ്യൂഹം. അതേസമയം മഹാരാഷ്ട്രയിൽ ബിജെപിയെ ഒഴിവാക്കി മഹാ വികാസ് അഘാഡി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിച്ച തന്ത്രജ്ഞതയാണു പവാറിന് യുപിഎ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തുണയാകുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ അടുത്ത വർഷം തുടക്കത്തോടെ കോൺഗ്രസിന് പുതിയ അധ്യക്ഷൻ വരുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇതു രാഹുൽ ഗാന്ധിയാകില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.