ചെന്നൈ: ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ തമിഴ് സീരിയൽ താരം വിജെ ചിത്ര (29) യുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു പോലീസ്. മുഖത്ത് പാടുകളുണ്ടെന്നും ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ യഥാർഥ കാരണം വ്യക്തമാകുമെന്നും പോലീസ് വ്യക്തമാക്കി.
ബിസിനസുകാരനായ ഹേംരാജുമായി രണ്ടു മാസം മുൻപ് ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ജനുവരിയിലാണു വിവാഹം തീരുമാനിച്ചിരുന്നത് . സീരിയൽ ഷൂട്ടിങ് കഴിഞ്ഞു ചൊവ്വ രാത്രി ഒരു മണിയോടെയാണു ഹോട്ടലിൽ മുറിയെടുത്തത്. അഞ്ചു മണിയോടെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.
ജീവനൊടുക്കുകയായിരുന്നു എന്നാണു പ്രാഥമിക നിഗമനം.
സഹതാരവും പ്രതിശുതവരനുമായ ഹേമന്തിനൊപ്പമാണ് ചിത്ര താമസിച്ചിരുന്നത്. റൂമിലെത്തിയ ചിത്ര തനിക്കു കുളിക്കണമെന്നും ഹേമന്തിനോടു പുറത്തേക്കു പോകണമെന്നും ആവശ്യപ്പെട്ടുവെന്ന് ഹേമന്ത് പോലീസിനോട് പറഞ്ഞു. ഏറെ സമയം കഴിഞ്ഞിട്ടും ചിത്ര വാതിൽ തുറന്നില്ല. ഹേമന്ത് വാതിലിൽ മുട്ടി നോക്കിയെങ്കിലും മറുപടിയുണ്ടായില്ല.ഇതേതുടർന്നു, ഹോട്ടൽ ജീവനക്കാരിൽനിന്നു മുറിയുടെ മറ്റൊരു താക്കോൽ വാങ്ങി ഹേമന്ത് വാതിൽ തുറന്നു നോക്കിയപ്പോഴാണു മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ ചിത്രയെ കണ്ടെത്തിയെന്നാണ് വിവരം.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ നസ്രത്ത്പേട്ടൈ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.തമിഴ് പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതിയുണ്ടായിരുന്ന സീരിയൽ നടിയാണ് ചിത്ര. വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന സീരിയലിലെ മുല്ലൈ എന്ന കഥാപാത്രത്തിലൂടെയാണ് ചിത്ര പ്രശസ്തയാകുന്നത്.