സംസ്ഥാനത്ത് 60 ശതമാനം എക്സ്പ്രസ് ട്രെയിനുകളും റെയിൽവേ പുനഃസ്ഥാപിച്ചു

കൊച്ചി: സംസ്ഥാനത്തു കൊറോണ വ്യാപനത്തിന് മുമ്പു സർവീസ് നടത്തിയിരുന്നവയിൽ 60% എക്സ്പ്രസ് ട്രെയിനുകളും റെയിൽവേ പുനഃസ്ഥാപിച്ചു. പുതിയ പട്ടിക അനുസരിച്ചു 8 ട്രെയിനുകൾ കൂടി വൈകാതെ സർവീസ് ആരംഭിക്കും. കൊച്ചുവേളി– ഇൻഡോർ സ്പെഷൽ 12 മുതൽ 26 വരെയും മടക്കട്രെയിൻ 14 മുതൽ 28 വരെയും സർവീസ് നടത്തും. മറ്റു സോണുകളിലേക്കു പോകുന്ന ട്രെയിനുകൾ അധിക നിരക്ക് ഈടാക്കുന്ന ഫെസ്റ്റിവൽ സ്പെഷലുകളായാണു പ്രഖ്യാപിച്ചിരിക്കുന്നത്. സോണുകൾക്കുള്ളിൽ സർവീസ് നടത്തുന്ന സ്പെഷൽ ട്രെയിനുകൾക്കു സാധാരണ നിരക്കായിരിക്കും.

എറണാകുളം–ഓഖ സ്പെഷൽ 11 മുതൽ 30 വരെയും മടക്ക ട്രെയിൻ 14 മുതൽ ജനുവരി 2 വരെയും സർവീസ് നടത്തും. കൊച്ചുവേളി–മൈസൂരു എക്സ്പ്രസ് 11നും മടക്ക സർവീസ് 12നും ആരംഭിക്കും.തിരുവനന്തപുരം–എറണാകുളം വഞ്ചിനാട് എക്സ്പ്രസ് 14 മുതലും മടക്ക ട്രെയിൻ 16നും സർവീസ് തുടങ്ങും. എറണാകുളം–കണ്ണൂർ ഇന്റർസിറ്റി ഇരുദിശയിലും 15നും തിരുവനന്തപുരം–മംഗളൂരു എക്സ്പ്രസ് 16നും മടക്ക ട്രെയിൻ 19നും സർവീസ് ആരംഭിക്കും.

തിരുവനന്തപുരം–ഗുരുവായൂർ ഇന്റർസിറ്റി 15നും മടക്ക ട്രെയിൻ 16നും തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് 23നും മടക്ക ട്രെയിൻ 24നും സർവീസ് ആരംഭിക്കും. അതേ സമയം അൺറിസർവ്ഡ് ടിക്കറ്റുകൾ നൽകുന്ന കാര്യത്തിൽ ദക്ഷിണ റെയിൽവേ തീരുമാനം എടുത്തിട്ടില്ലെന്നു അധികൃതർ പറഞ്ഞു.