മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പരാതി. നിലമ്പൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാജഹാന് പായിമ്പാടമാണ് അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
നിലമ്പൂര്‍ നഗരസഭയിലെ വൃന്ദാവനംകുന്നില്‍ നടന്ന എല്‍ഡിഎഫ് കുടുംബയോഗത്തില്‍ അന്‍വര്‍ മതം പറഞ്ഞ് വോട്ടു ചോദിച്ചെന്നാണ് പരാതി. അന്‍വറിന്റെ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് സഹിതമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ അഞ്ച് ജില്ലകളിലെ വോട്ടര്‍മാരാണ് നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. പോളിംഗ് സാമഗ്രികളുടെ വിതരണം അഞ്ച് ജില്ലകളിലും പുരോഗമിക്കുകയാണ്. വോട്ടെടുപ്പിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍.
അഞ്ച് ജില്ലകളിലായി 451 തദ്ദേശസ്ഥാപനങ്ങളിലെ 8,116 വാര്‍ഡുകളിലേക്കാണു വ്യാഴാഴ്ച തെരഞ്ഞെടുപ്പു നടക്കുന്നത്. 47,28,489 പുരുഷന്മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്ജെന്‍ഡേഴ്സും 265 പ്രവാസി ഭാരതീയരും അടക്കം 98,57,208 വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതില്‍ 57,895 കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നു.
12,643 പോളിംഗ് ബൂത്തുകളാണ് അഞ്ച് ജില്ലകളിലായി സജ്ജീകരിച്ചിരിക്കുന്നത്. 473 പ്രശ്നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 63,187 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.