ജെറ്റ് എയർവേയ്സ് യുഎഇയിലെ വ്യവസായി മുരാരി ലാൽ ജലാൻ്റെ കൺസോർഷ്യം ഏറ്റെടുക്കുന്നു

ദുബായ്: ജെറ്റ് എയർവേയ്സിനെ യുഎഇയിലെ വൻ വ്യവസായി മുരാരി ലാൽ ജലാൻ നേതൃത്വം നൽകുന്ന കൺസോർഷ്യം ഏറ്റെടുക്കുന്നു. പുനരുദ്ധാരണ പദ്ധതികൾക്ക് ജെറ്റ് എയവേയ്സ് കമ്മിറ്റി അംഗീകാരം നൽകി. കടബാധ്യത കൈകാര്യം ചെയ്യുന്ന നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) അനുമതി കൂടി ലഭിച്ചാൽ അടുത്ത വർഷം മാർച്ചോടെ പ്രവർത്തനം പുനരാരംഭിക്കാനാണ് ആലോചന.

ആദ്യ രണ്ടുവർഷം 380 കോടി രൂപയും പിന്നീട് മൂന്നു മുതൽ അഞ്ചുവർഷത്തിനിടെ 580 കോടി രൂപയും ചെലവിടാനാണ് പദ്ധതി. ബ്രിട്ടിഷ് കമ്പനിയായ കൽറോക് ക്യപ്പിറ്റൽസും ചേർന്നുള്ള കൺസോർഷ്യം ആയിരം കോടി ചെലവിൽ ഏറ്റെടുത്ത് അടുത്ത വർഷം പ്രവർത്തനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

മുമ്പുണ്ടായിരുന്ന ഇന്ത്യയിലെ എല്ലാ കേന്ദ്രങ്ങളിൽ നിന്നും പുറമേ രാജ്യാന്തര തലത്തിലും സർവീസ് നടത്താനാണ് പദ്ധതി. കഴിഞ്ഞവർഷം ഏപ്രിലിലാണ് ജെറ്റ് എയർവേയ്സ് പ്രവർത്തനം നിർത്തിയത്. മുൻപത്തെപോലെ ന്യൂഡെൽഹി, മുംബൈ, ബെംഗളൂരു എന്നിങ്ങനെ പ്രധാന മൂന്നു കേന്ദ്രങ്ങൾ തന്നെയുണ്ടാകും.

ഇതിനൊപ്പം ചെറുപട്ടണങ്ങളിൽ ചെറിയ ഹബ്ബുകൾ കൂടി തുടങ്ങാനും ചരക്കു വിമാന സർവീസ് തുടങ്ങാനും കൺസോർഷ്യത്തിന്റെ പുനരുദ്ധാരണ പദ്ധതിയിൽ ആലോചനയുണ്ട്.