ന്യൂഡെല്‍ഹി: ദേശവ്യാപക ബന്ദിനു പിന്നാലെ, വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഇന്ന് വൈകീട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ എന്‍സിപി നേതാവ് ശരത് പവാര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ തുടങ്ങി വിവിധ പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ ഉണ്ടാകും. 11 പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണുന്ന സംഘത്തില്‍ ഉണ്ടാകണമെന്ന് താല്പര്യം അറിയിച്ചെങ്കിലും, കൊറോണ സാഹചര്യങ്ങള്‍ മൂലം ഒരു സംഘത്തില്‍ അഞ്ചു നേതാക്കളെയാണ് രാഷ്ട്രപതി ഭവന് ഈയിടെയായി സ്വീകരിക്കുന്നത്.
രാഷ്ട്രപതിയെ കാണുന്നതിനു മുമ്പ് എല്ലാവരും ഒന്നിച്ചിരുന്ന് യോജിച്ച നിലപാട് രൂപപ്പെടുത്തുമെന്ന് ശരത് പവാര്‍ പറഞ്ഞു. ഭാരത് ബന്ദിനെ 20 പാര്‍ട്ടികള്‍ പിന്തുണച്ചതായി സീതാറാം യെച്ചൂരി അറിയിച്ചു.
പൊതുജനങ്ങളില്‍ നിന്ന് അഭൂതപൂര്‍വമായ പിന്തുണയാണ് ദേശവ്യാപക ബന്ദിന് ലഭിച്ചതെന്ന് സിപിഎം, സിപിഐ, ആര്സ്എപി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവ പ്രസ്താവനയില്‍ പറഞ്ഞു.