റിലയന്‍സ് ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാൻ കർഷക സംഘടനകളുടെ ആഹ്വാനം; ഡെല്‍ഹിയിലേക്കുള്ള പാതകള്‍ ഉപരോധിക്കും

ന്യൂഡെൽഹി: കർഷകസമരം പരിഹരിക്കാൻ സർക്കാർ താൽപര്യമെടുക്കാത്ത സാഹചര്യത്തിൽ കോര്‍പറേറ്റുകള്‍ക്കെതിരെ പ്രത്യക്ഷസമരം അടക്കം വന്‍ പ്രഖ്യാപനങ്ങളുമായി കര്‍ഷക സംഘടനകള്‍. സംസ്ഥാന, ജില്ലാ കേന്ദ്രങ്ങളില്‍ വരുന്ന തിങ്കളാഴ്ച പ്രതിഷേധ പ്രകടനം നടത്തും. റിലയന്‍സ് ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കുമെന്ന് കര്‍ഷകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

കഴിഞ്ഞദിവസം കർഷകരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇന്ന് സർക്കാരുമായി നടത്താനിരുന്ന ചർച്ച കർഷകർ ബഹിഷ്കരിക്കുകയും ചെയ്തു. തുടർന്നു നടത്തിയ വാർത്താ സമ്മേളനത്തിലാണ് സമരം കൂടുതൽ ശക്തമാക്കുമെന്ന് സംഘടനകൾ അറിയിച്ചത്.

ഡെല്‍ഹിയിലേക്കുള്ള പാതകള്‍ ഉപരോധിക്കും. ദേശീയപാതകളിലെ ടോള്‍ പിരിവ് തടയും. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ഡല്‍ഹിയിലെത്താന്‍ ആഹ്വാനം ചെയ്തു. ബിജെപി ജനപ്രതിനിധികളെ പൂര്‍ണമായി ബഹിഷ്കരിക്കും. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടിലുറച്ച് സമരം കടുപ്പിക്കുമെന്നും സംഘടനകൾ അറിയിച്ചു.