കെയ്റോ: തേൾവിഷവും പാമ്പിൻ വിഷവും കയറ്റിയയച്ച് കോടികൾ കൊയ്യുന്ന ഒരു 25 വയസുകാരൻ. പേര് മുഹമ്മദ് ഹംദി ബോഷ്ത. പരിശീലനം സിദ്ധിച്ച ഒരു പുരാവസ്തു ഗവേഷകനായ ഈ കെയ്റോസ്വദേശി. ഇന്ന് കെയ്‌റോ വെനം കമ്പനി എന്ന ഒരു വിഷവില്പനാ സ്ഥാപനത്തിന്റെ സിഇഓ ആണ്. ചില്ലറ ബിസിനസൊന്നുമല്ല കെയ്‌റോ വെനം കമ്പനി നടത്തുന്നത്.
അമേരിക്ക യൂറോപ്പ് എന്നിവിടങ്ങളിലെ ആന്റിവെനം നിർമാണ കമ്പനികളിലേക്കാൻ തേൾവിഷവും പാമ്പിൻ വിഷവും കയറ്റിയയക്കുന്നത്.
ഈജിപ്റ്റിലെ ഗ്രാമഗ്രാമാന്തരങ്ങളിലായി സ്ഥിതിചെയ്യുന്ന നിരവധി ഫാം ഹൗസുകളിലായി മുഹമ്മദ് വളർത്തുന്നത് എൺപതിനായിരത്തിൽ പരം തേളുകളെയാണ്. പാമ്പുകളെ വളർത്തി അവയുടെ വിഷവും കെയ്‌റോ വെനം കമ്പനി കയറ്റി അയക്കുന്നുണ്ട്.
തേൾവിഷത്തിന്റെ വിപണിയിലെ വില കേട്ടാൽ നിങ്ങൾ ഞെട്ടും. ഒരു ഗ്രാം തേൾവിഷത്തിന്റെ വില 10,000 ഡോളറോളം ആണെന്നാണ്, മുഹമ്മദിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
ഒരു ഗ്രാമിൽ നിന്ന് 20,000 – 50,000 ഡോസ് ആന്റിവെനം നിർമിക്കാനാവും എന്നാണ് കണക്ക്. വിഷബാധയ്ക്കുള്ള മരുന്നിനു പുറമെ, ഹൈപ്പർ ടെൻഷൻ പോലുള്ള മറ്റു ചില രോഗങ്ങൾക്കുള്ള മരുന്നും ഇതേ തേൾവിഷം ഉപയോഗിച്ച് നിർമ്മിക്കപ്പെടുന്നുണ്ട്.