കെ എം ഷാജിക്കെതിരായ വിജിലൻസ് കേസ്; മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് പി കുഞ്ഞിമുഹമ്മദിന്റെ മൊഴിയെടുക്കുന്നു

കണ്ണൂർ: അഴീക്കോട് എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കെ എം ഷാജിക്കെതിരായ വിജിലൻസ് കേസിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദിന്റെ മൊഴിയെടുക്കുന്നു. കണ്ണൂർ അഞ്ചുതെങ്ങിലെ വീട്ടിലെത്തിയാണ് വിജിലൻസ് മൊഴിയെടുക്കുന്നത്.

അഴീക്കോട് സ്കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ എം ഷാജി എംഎൽഎ 25 ലക്ഷം കോഴ വാങ്ങി എന്നാണ് വിജിലൻസ് കേസ്. അഴീക്കോട് ഹൈസ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 2014 ൽ കെ എം ഷാജി എംഎൽഎ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്.

പ്ലസ്ടു കോഴ്സ് അനുവദിക്കാനായി കെ എം ഷാജി അഴീക്കോട് സ്കൂൾ മാനേജ്മെന്റിൽ നിന്നും 25 ലക്ഷം കോഴവാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്നാണ് വിജിലൻസ് എഫ്ഐആർ. സ്കൂളിലെ വരവ് ചെലവ് കണക്കുകൾ പരിശോധനിച്ചതിൽ നിന്നും സാക്ഷിമൊഴികളിൽ നിന്നും ഇക്കാര്യം വ്യക്തമാണെന്നും എഫ്ഐആറിൽ പറയുന്നു.

എംഎൽഎയ്ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും വിജിലൻസ് തലശ്ശേരി കോടതിയിൽ സമർപ്പിച്ച എഫ്ഐആറിലുണ്ട്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമമെന്നും പരാതി രാഷ്ട്രീയ പ്രേരിതമെന്നുമാണ് ആദ്യ ഘട്ടം മുതൽ കെ എം ഷാജിയുടെ നിലപാട്.