കൊച്ചി: ലൈഫ് മിഷൻ ക്രമക്കേട് അന്വേഷണത്തിന് ഏർപ്പെടുത്തിയ സ്റ്റേ മാറ്റണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്നും ഉന്നത സർക്കാർ ഉദ്യോഗസ്ഥർ അടക്കം ഗൂഡാലോചനയിൽ പങ്കാളികളാണെന്നും സിബിഐ ഹർജിയിൽ
പറയുന്നു.
ഇപ്പോൾ പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്നും സിബിഐ വ്യക്തമാക്കി. പദ്ധതിയിൽ വലിയ രീതിയിലുള്ള ഉന്നതതല ഗൂഡാലോചനയും, കൈക്കൂലിയിടപാടും ലൈഫ് മിഷൻ ഇടപാടിൽ നടന്നിട്ടുണ്ടെന്നാണ് സിബിഐ പറയുന്നത്. സ്വപ്‌ന വഴി പല ഉന്നതരും കൈക്കൂലി വാങ്ങിയിട്ടുണ്ട്. നിലവിൽ പുറത്ത് വന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിലൂടെ പുറത്ത് വരേണ്ടതായുണ്ട് എന്നും സിബിഐ പറയുന്നു.
കോടതിയുടെ ഭാഗിക സ്റ്റേ ഉള്ളതിനാൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ സാധ്യമാകുന്നില്ലെന്നാണ് സിബിഐ വാദം. ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല സ്‌റ്റേ വിധിച്ചത്.
സർക്കാരിനെതിരായ അന്വേഷണം സ്റ്റേ ചെയ്തത് മൂലം കേസുമായി ബന്ധപ്പെട്ട പല സുപ്രധാന ഫയലുകളും ലഭിക്കുന്നില്ലെന്നും സിബിഐ വ്യക്തമാക്കി.