മുംബൈ: നിലവിലുള്ള വിദേശ വായ്പകൾ അടച്ചുതീർക്കാനായി സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസ് 140 കോടി ഡോളർ (ഏകദേശം 10,500 കോടി രൂപ) സമാഹരിച്ചു. നിലവിലുള്ള വായ്പയുടെ പലിശ നിരക്കിനെക്കാൾ ഏതാണ്ട് 0.70 ശതമാനം കുറവാണ് പുതിയ വായ്പയുടേതെന്നാണ് സൂചന. പലിശ ബാധ്യത കുറയാൻ ഇത് ഇടയാക്കും.
പതിനാല് അന്താരാഷ്ട്ര ബാങ്കുകളുമായി വായ്പ സംബന്ധിച്ച ധാരണയിലെത്തിയിട്ടുണ്ട്.
ഏതെങ്കിലുമൊരു ഇന്ത്യൻ കമ്പനി അന്താരാഷ്ട്ര ബാങ്കുകളിൽനിന്ന് വായ്പാ പുനഃക്രമീകരണത്തിനായി ഈ വർഷം സമാഹരിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇത്. റിലയൻസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ഹോൾഡിങ്സ് യു.എസ്.എ.യുടെ വായ്പാ തിരിച്ചടവിനാണ് ഈ തുക വിനിയോഗിക്കുക.
സിറ്റി ബാങ്ക്, ബാർക്ലെയ്സ്, ഡി.ബി.എസ്. ബാങ്ക് എന്നിവയിൽനിന്ന് പണം സമാഹരിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവ കൂടാതെ എസ്.ബി.ഐ.യും പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
റിലയൻസിന്റെ റീട്ടെയിൽ ഡിവിഷൻ 10.09 ശതമാനം ഓഹരി കൈമാറി 47,265 കോടി രൂപയും ടെലികോം സംരംഭമായ ജിയോ ഏതാണ്ട് 33 ശതമാനം ഓഹരി വിറ്റ് 1.52 ലക്ഷം രൂപയും സമാഹരിച്ചിരുന്നു.