ബീജിങ്: ചൈനീസ് ഉൽപ്പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ വീണ്ടും വമ്പൻ ഇടിവ്. 2020 ലെ ആദ്യ 11 മാസങ്ങളിൽ 13 ശതമാനമാണ് ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ ഇടിവുണ്ടായത്. എന്നാൽ ഇതേ കാലത്ത് ചൈനയിലേക്കുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ 16 ശതമാനം വളർച്ചയുണ്ടായി. ചൈനീസ് കസ്റ്റംസ് ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഉഭയകക്ഷി വ്യാപാരം 11 മാസങ്ങൾ കൊണ്ട് 78 ബില്യൺ ഡോളർ തൊട്ടു. 2019 ൽ രണ്ട് രാജ്യങ്ങളും തമ്മിൽ 92.68 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങളാണ് വ്യാപാരം നടത്തിയത്.
ചൈനീസ് കസ്റ്റംസ് ഡാറ്റ പ്രകാരം 59 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങളാണ് ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയത്. എന്നാൽ ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് പോയതാകട്ടെ വെറും 19 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങളാണ്. ഇന്ത്യയുടെ വ്യാപാരക്കമ്മി 40 ബില്യൺ ഡോളറാണ്. കഴിഞ്ഞ വർഷം ഇത് 60 ബില്യൺ ഡോളറായിരുന്നു.