ന്യൂഡെൽഹി: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ കസ്റ്റഡിയിലെടുത്തു. കർഷക സമരത്തിൽ പങ്കെടുക്കാനായി യുപിയിലെ വീട്ടിൽനിന്നും പുറപ്പെടവേയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
കർഷക വിരുദ്ധമായ നിയമം പിൻവലിക്കണമെന്നും സമരം പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരുടെ മാത്രം പ്രതിഷേധമല്ലെന്നും രാജ്യത്തിന്റെ പ്രക്ഷോഭമാണെന്നും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ചന്ദ്രശേഖർ ആസാദ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കർഷകസമരത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ള എല്ലാ നേതാക്കളുടെയും വീടുകൾക്കും ഓഫീസുകൾക്കും ചുറ്റും പൊലീസിന്‍റെ അപ്രഖ്യാപിത ഉപരോധം നിലനിൽക്കുകയാണ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്നാരോപിച്ച് ആം ആദ്മി പാർട്ടി രംഗത്തെത്തിയിട്ടുണ്ട്.
കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കർഷകസമരനേതാക്കളെ കാണാൻ പോയി തിരികെ എത്തിയതിന് പിന്നാലെയാണ് കെജ്‍രിവാളിനെ വീട്ടിതടങ്കലിൽ വെച്ചിരിക്കുന്നതെന്നാണ് ആംആദ്മി ട്വിറ്ററിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെ കാൺപൂരിലെ വീടിന് മുന്നിൽ വൻ പൊലീസ് സന്നാഹമെന്ന് സി പി എം പിബി അംഗം സുഭാഷിണി അലിയും വ്യക്തമാക്കി.