ന്യൂഡെല്‍ഹി : രാജ്യത്തെ കൊറോണ രോഗബാധിതരില്‍ 54 ശതമാനവും കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, പശ്ചിമബംഗാള്‍, ഡെല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് കൊറോണ വ്യാപനം ഇപ്പോള്‍ ഏറ്റവും രൂക്ഷമായിട്ടുള്ളതെന്നും കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു.
ഇപ്പോള്‍ രാജ്യത്ത് ചികില്‍സയിലുള്ളത് നാലു ലക്ഷത്തില്‍ താഴെ പേര്‍ മാത്രമാണ്. ഇത് രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ നാലു ശതമാനം മാത്രമാണ്. പോസിറ്റിവിറ്റി റേറ്റും രാജ്യത്ത് കുറയുകയാണ്. ലോകത്ത് കൊറോണ വ്യാപനം വര്‍ധിക്കുമ്പോഴും സെപ്റ്റംബര്‍ മധ്യം മുതല്‍ രാജ്യത്ത് കൊറോണ കേസുകള്‍ സ്ഥിരമായി കുറഞ്ഞു വരികയാണെന്നും കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഇപ്പോള്‍ 76,852 പേരാണ് കൊറോണ ബാധിച്ച് ചികില്‍സയിലുള്ളത്. കേരളത്തില്‍ 59,607 പേരും, കര്‍ണാടകയില്‍ 24,786 പേരും പശ്ചിമബംഗാളില്‍ 23,829 പേരും ഡെല്‍ഹിയില്‍ 22,486 പേരുമാണ് ചികില്‍സയിലുള്ളത് എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നീ കമ്പനികള്‍ കോവിഡ് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിട്ടുണ്ട്. പ്രധാനമന്ത്രി വാക്‌സിന്‍ നിര്‍മ്മാണ കമ്പനികളുമായും ശാസ്ത്രജ്ഞരുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ശാസ്ത്രജ്ഞര്‍ പച്ചക്കൊടി കാണിച്ചാല്‍ വാക്‌സിന്റെ വന്‍തോതിലുള്ള നിര്‍മ്മാണം തുടങ്ങാനാകും. വാക്‌സിന് അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അനുമതി ലഭിച്ചേക്കുമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി പറഞ്ഞു.
ഇതിനുള്ള എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയാക്കിയിട്ടുണ്ട്. വാക്‌സിന്‍ നിര്‍മ്മാണം, വികരണം, ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാവരിലേക്കും എത്തിക്കല്‍ എന്നിവയ്ക്ക് രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു. രാജ്യത്ത് ആറു വാക്‌സിന്‍ നിര്‍മ്മാണ കമ്പനികളാണ് ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലുള്ളത്.
കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കാനായി വിദഗ്ധ സമിതിയെ ആഗസ്റ്റില്‍ രൂപീകരിച്ചിട്ടുണ്ട്. വാക്‌സിന്‍ സെലക്ഷന്‍, വാക്‌സിന്‍ വിതരണം, വാക്‌സിനേഷനായി ആളുകളെ നിശ്ചയിക്കല്‍ തുടങ്ങിയവക്കായി സമിതി മാര്‍ഗരേഖയുണ്ടാക്കും. വാക്‌സിന്‍ വിതരണത്തിന്റെ തയ്യാറെടുപ്പുകള്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരുകളും സംയുക്തമായാണ് നടപ്പിലാക്കുക. ആരോഗ്യപ്രവര്‍ത്തകരുടെ അടക്കം ഡാറ്റാബേസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും രാജേഷ് ഭൂഷണ്‍ അറിയിച്ചു.