ലണ്ടൻ: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ ലണ്ടനിൽ വൻ പ്രതിഷേധം. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആയിരക്കണക്കിനാളുകളാണ് ഞായറാഴ്ച മധ്യ ലണ്ടനിൽ പ്രതിഷേധിച്ചത്. കൊറോണ മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഒട്ടേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് വാർത്താ ഏജൻസിസായ പിടിഐ റിപ്പോർട്ട് ചെയ്തു.
ഓൾഡ്വിച്ചിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ എംബസിക്ക് സമീപം ഒത്തുകൂടിയ പ്രതിഷേധക്കാർ ട്രാഫൽഗർ ചത്വരത്തിലേക്ക് പ്രകടനം നടത്തി. ‘ഞങ്ങൾ പഞ്ചാബിലെ കർഷകർക്കൊപ്പം നിൽക്കുന്നു’ എന്ന മുദ്രാവാക്യവും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു ബ്രിട്ടനിലെ സിഖുകാർ അടക്കമുള്ളവരുടെ പ്രതിഷേധം. കർഷകർക്ക് നീതി വേണം എന്ന മുദ്രാവാക്യങ്ങൾ ഉയർന്നു.
കർശനമായ കൊറോണ നിയന്ത്രണങ്ങൾ നിലവിലുണ്ടെന്നും അതിനാൽ 30ൽ അധികം പേർ ഒത്തുകൂടിയാൽ അറസ്റ്റും പിഴയും ഉണ്ടാകുമെന്ന് പോലീസ് പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്നും പോലീസ് ആവരോട് ആവശ്യപ്പെട്ടു.
ഇന്ത്യൻ ഹൈക്കമ്മീഷൻ ബന്ധപ്പെട്ട അധികാരികളുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്ന് ഹൈക്കമ്മീഷൻ വക്താവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. പ്രത്യേക അനുമതിയില്ലാതെ ആയിരങ്ങളുടെ ഈ ഒത്തുചേരൽ എങ്ങനെ നടന്നുവെന്നത് അടക്കമുള്ള പ്രശ്നങ്ങളെ അവരുമായി ചേർന്ന് നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ കർഷക പ്രതിഷേധം അവസരമായി ഉപയോഗിച്ച ഇന്ത്യാ വിരുദ്ധ വിഘടനവാദികളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്തെന്നും ഇന്ത്യയിലെ കർഷകരെ പ്രത്യക്ഷത്തിൽ പിന്തുണച്ചുകൊണ്ട് അവർ ഇന്ത്യാ വിരുദ്ധ അജണ്ട പിന്തുടരാനുള്ള അവസരമായി ഉപയോഗിച്ചുവെന്ന് ഹൈക്കമ്മീഷൻ വക്താവ്. ഇന്ത്യയിലെ കാർഷിക ബില്ലുകൾക്കെതിരായ പ്രതിഷേധം രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നമാണെന്ന സർക്കാരിന്റെ നിലപാട് വക്താവ് ആവർത്തിച്ചു.