ന്യൂഡെൽഹി: സാമൂഹിക മാധ്യമങ്ങളിലെ ചർച്ചകളോ, അഭിപ്രായ സ്വാതന്ത്ര്യമോ തടയാൻ സാധിക്കില്ലെന്നും ഇത്തരത്തുള്ള ഏതൊരു നീക്കവും നിയമവ്യവഹാരത്തെ ക്ഷണിച്ചുവരുത്തുമെന്നും അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ. അപൂർങ്ങളിൽ അപൂർവ കേസുകളിൽ മാത്രമാണ് സുപ്രീം കോടതി, കോടതി അലക്ഷ്യ നടപടികൾ ആരംഭിക്കുകയെന്നും കെകെ വേണുഗോപാൽ എൻഡിടിവിയോട് പറഞ്ഞു.
ആരോഗ്യകരമായ ജനാധിപത്യത്തിന്, സാമൂഹിക മാധ്യമങ്ങളിലെ തുറന്ന ചർച്ചകൾ തടയരുത്. പരിധി ലംഘിച്ചില്ലെങ്കിൽ സുപ്രീം കോടതി സാധാരണയായി വിമർശനങ്ങളോട് പ്രതികരിക്കില്ല. സുപ്രീം കോടതിയുടെ തീരുമാനങ്ങൾ ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ ചോദ്യം ചെയ്യപ്പെടുകയോ വിമർശിക്കുകയോ ചെയ്ത സംഭവങ്ങൾക്കിടയിൽ വേണുഗോപാൽ പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യം കുറയ്ക്കുന്നത് അനാവശ്യമായിരിക്കും. ഈ സ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കാൻ സർക്കാർ ഒരു നീക്കവും കൊണ്ടുവരരുത്. നമുക്ക് തുറന്ന ജനാധിപത്യവും തുറന്ന ചർച്ചകളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തെങ്കിലും ചൂണ്ടിക്കാണിച്ചാൽ, അത് കൈകാര്യം ചെയ്യുന്നതിൽ സുപ്രീം കോടതിക്ക് സന്തോഷമേയുള്ളൂ. കോടതി അലക്ഷ്യമില്ലെങ്കിൽ സുപ്രീം കോടതി ആവഴിക്ക് പോകില്ലെന്നു അദ്ദേഹം പറഞ്ഞു.