വ്യോമസേനാ വിമാനം തകര്‍ന്ന് കാണാതായ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി

ന്യൂഡെൽഹി: വ്യോമസേനയുടെ മിഗ് 29 വിമാനം തകര്‍ന്ന് കാണാതായ പൈലറ്റ് നിഷാന്ത് സിംഗിന്‍റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. തെരച്ചലിനിടെ ഗോവന്‍ തീരത്ത് നിന്ന് 30 മൈല് അകലെ വച്ചാണ് മൃതദേഹം കണ്ടെത്തിയത്.

നവംബര്‍ 26 ന് വ്യോമസേന വിമാനം മിഗ് 29 തകര്‍ന്ന് വീണതിനെ തുടര്‍ന്ന് നിഷാന്തിനെ കാണാതാവുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റിനെ രക്ഷപ്പെടുത്താനായെങ്കിലും നിഷാന്തിനെ കണ്ടെത്താനായിരുന്നില്ല. പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം തിരിച്ചറിയാനായി ഡിഎന്‍എ ടെസ്റ്റ് നടത്തും.

അപകടം നടന്ന് 11 ദിവസങ്ങള്‍ക്കു ശേഷമാണ് ഗോവയുടെ തീരത്തിനു സമീപം കടലിന്റെ അടിത്തട്ടില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. കരയില്‍നിന്ന് 30 മൈലുകള്‍ അകലെ 70 മീറ്റര്‍ ആഴത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് നാവികസേന പ്രസ്താവനയില്‍ പറഞ്ഞു.

നവംബർ 26നു വൈകിട്ടായിരുന്നു അപകടം. 2 പൈലറ്റുമാരിൽ ഒരാളെ രക്ഷിച്ചിരുന്നു. വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ നിന്നു പരിശീലന പറക്കൽ നടത്തുന്നതിനിടെ സേനാ വിമാനം നിയന്ത്രണം വിട്ട് അറബിക്കടലിൽ വീഴുകയായിരുന്നു. കർ‌ണാടകയിലെ കാർവാർ താവളത്തിൽനിന്നുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്.