ആരും തട്ടിക്കൊണ്ടുപോയതല്ല; മാനസിക സമ്മർദ്ദം മൂലം മാറി നിന്നതാണ്; കാണാതായ ബിജെപി സ്ഥാനാർഥി തിരിച്ചെത്തി

കൊല്ലം: നെടുവത്തൂർ പഞ്ചായത്തിലെ കാണാതായ ബിജെപി സ്ഥാനാർഥി തിരിച്ചെത്തി. നെടുവത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് ബിജെപി സ്ഥാനാർത്ഥി അജീവ് കുമാറാണ് കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനിൽ ഹാജരായത്. ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും മാനസിക സമ്മർദ്ദംകൊണ്ടണ് മാറി നിന്നതെന്നും അജീവ് കുമാർ പറഞ്ഞു. അജീവ് കുമാറിനെ കാണ്മാനില്ലെന്ന് കാണിച്ച്‌ കഴിഞ്ഞ ദിവസം കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.

അജീവിനെ വീഡിയോ കോൺഫറൻസിലൂടെ പൊലീസ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി. പിന്നാലെ അജീവ് പ്രവർത്തകർക്കൊപ്പം പ്രചാരണവും തുടങ്ങി. അജീവിനെ കാണാതായതുമായി ഇടത് മുന്നണിക്ക് ഒരു ബന്ധവുമില്ലെന്ന് മുന്നണി നേതാക്കൾ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

സിപിഐ അനുഭാവിയായിരുന്ന അജീവ്കുമാർ ബിജെപിയിൽ ചേർന്ന് സ്ഥാനാർഥിയായതിനു ശേഷം ഭീഷണി ഉണ്ടായിരുന്നെന്നും കാണാതായതിൽ ദുരൂഹത ഉണ്ടെന്നുമായിരുന്നു കുടുംബത്തിന്റെ പരാതി.സംഭവത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് അജീവ് നാടകീയമായി ഇന്ന് ഉച്ചയോടെ കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനിൽ തിരിച്ചെത്തിയത്.