കോട്ടയം: ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്ന പി.ജെ.ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാർത്ഥികളെ കേരള കോൺഗ്രസ് എം ജോസഫ് വിഭാഗമായി കണക്കാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കേരള കോണ്‍ഗ്രസ്-എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെമാണി വിഭാഗത്തിന് അവകാശപ്പെട്ടതാണെന്നു വ്യക്തമാക്കി നേരത്തെ സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞിരുന്നു.
ഇതിനെതിരേ പിജെ ജോസഫ് നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലുണ്ട്. ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനർത്ഥികളെ സ്വതന്ത്രരായി കണക്കാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ പിജെ ജോസഫ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
കേരള കോൺഗ്രസ് നിലവിൽ യുഡിഎഫ് മുന്നണിയുടെ ഭാഗമാണെന്നും സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച ശേഷം മുന്നണിയുടെ ഭാഗമായാൽ അയോഗ്യത വരുമെന്നുമായിരുന്നു പിജെ ജോസഫിന്റെ വാദം. ചിഹ്നം അനുവദിച്ച നടപടി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്യാത്തതിനാല്‍ കേരള കോണ്‍ഗ്രസ്-എം ജോസ് കെ മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ഥികളായി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്കു തെരഞ്ഞെടുപ്പു കമ്മീഷന് രണ്ടില ചിഹ്നം അനുവദിച്ചിരുന്നു.
പിജെ ജോസഫ് വിഭാഗം സ്ഥാനാര്‍ഥികള്‍ക്ക് ചെണ്ട അടയാളവും അനുവദിച്ചു.ഇതിനുശേഷം തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്സൈറ്റില്‍ ചെണ്ട അടയാളത്തില്‍ മത്സരിക്കുന്നവരെ സ്വതന്ത്രരായാണു രേഖപ്പെടുത്തിയത്. ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു പിജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.