രാജീവ്ഗാന്ധി സെന്റർ കാമ്പസ് ; തിരുവനന്തപുരത്തുകാരുടെ ഹീറോ ആയ ഡോ. പൽപ്പുവിന്റെ പേരിടണമെന്ന് തരൂർ

തിരുവനന്തപുരം: രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ തിരുവനന്തപുരത്തെ രണ്ടാമത്തെ കാമ്പസിന് എംഎസ് ഗോൾവാൾക്കറുടെ പേരു നൽകുന്നതിനെതിരേ വിവാദം കൊഴുക്കുന്നു. കാമ്പസിന് ഡോ. പൽപ്പുവിന്റെ പേര് നൽകണമെന്ന് കോൺഗ്രസ് നേതാവും എഴുത്തുകാരനുമായ ഡോ.ശശി തരൂർ എം.പി ഫേസ് ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

താനായിരുന്നെങ്കിൽ, തിരുവനന്തപുരത്തുകാരുടെ ഹീറോ ആയ ബാക്ടീരിയോളജിസ്റ്റും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ഡോ. പൽപ്പുവിന്റെ പേരാകും കാമ്പസിന് നിർദ്ദേശിക്കുക. 1863ൽ തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം കേംബ്രിഡ്‌ജിൽ നിന്ന് സിറം തെറാപ്പിയിലും ട്രോപ്പിക്കൽ മെഡിസിനിലും പ്രാവീണ്യം നേടി.

വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആയിരുന്ന അദ്ദേഹത്തിന് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് ഹെൽത്തിന്റെ ഫെലോഷിപ്പും ലഭിച്ചു. പുരോഗമന ആശയക്കാരനായ ശാസ്ത്രജ്ഞനും മെഡിക്കൽ ഡോക്ടറും ആയിരുന്ന അദ്ദേഹത്തിന്റെ പേരായിരുന്നു ആരോഗ്യരംഗത്ത് പറയത്തക്ക ഒരു സംഭാവനയും നൽകാത്ത, തികച്ചും അവ്യക്തമായ പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവിനേക്കാൾ എന്തുകൊണ്ടും നല്ലത്.

വർഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നല്ലാതെ എംഎസ് ഗോൾവാൾക്കർക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

രാജീവ്ഗാന്ധിക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്നത് ചരിത്രമറിയുന്നവർക്ക് അറിയാം. ഗോൾവാൾക്കർ എന്ന ഹിറ്റ്ലർ ആരാധകൻ ഓർമ്മിക്കപ്പെടേണ്ടത്, 1966ൽ വി.എച്ച്.പിയുടെ ഒരു പരിപാടിയിൽ അദ്ദേഹം നടത്തിയ മതത്തിന് ശാസ്ത്രത്തിന് മേൽ മേധാവിത്വം വേണമെന്ന പരാമർശത്തിന്റെ പേരിലല്ലേയെന്നും തരൂർ ചോദിച്ചു.