തദ്ദേശ തിരഞ്ഞെടുപ്പ്; അഞ്ചു ജില്ലകളിൽ ആദ്യഘട്ട വോട്ടെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു; ആരോപണങ്ങളുമായി മുന്നണികൾ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ ഉൾപ്പെടുന്ന അഞ്ച് ജില്ലകളിൽ പരസ്യ പ്രചാരണത്തിന് സമാപനം. അഞ്ച് ജില്ലകളിലും നേതാക്കളും സ്ഥാനാർഥികളും വാഹനജാഥകൾ നടത്തി പ്രചാരണം കൊഴുപ്പിച്ചു. കൃത്യം ആറു മണിക്കുതന്നെ എല്ലാവരും പരസ്യ പ്രചാരണം അവസാനിപ്പിച്ചു.

നാളെ -തിങ്കളാഴ്ച നിശബ്ദ പ്രചാരണത്തിൻ്റെ ദിവസം. അടിയൊഴുക്കുകളുടെയും തന്ത്രങ്ങളുടെയും നിർണായക ദിനം. ആടിനിൽക്കുന്ന വോട്ടുകൾ കൈക്കലാക്കാനും ഉറച്ച വോട്ടുകൾ ഒന്നുകൂടി ഉറപ്പിക്കാനുമുള്ള നെട്ടോട്ടമാണിനി. മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകൾ പോളിങ് ബൂത്തിലെത്തും. ചൊവ്വാഴ്ച മാസ്ക് ധരിച്ച് സാമൂഹ്യ അകലം പാലിച്ച് സാനിറ്റൈസറും ഉപയോഗിച്ചുള്ള വോട്ട് രേഖപ്പെടുത്തൽ നടക്കും.

കൊറോണ ജാഗ്രതയിൽ മുന്നണികൾ കലാശക്കൊട്ട് ഒഴിവാക്കിയെങ്കിലും ആവേശം ചോരാതെയായിരുന്നു പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങിയത്. പലയിടത്തും പ്രചാരണം റോഡ് ഷോ ആയിത്തന്നെ മാറി. കൊല്ലം ചിതറയിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. പൊലീസ് ലാത്തിവീശി ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചു.

ത്രികോണപ്പോര് മുറുകുമ്പോൾ അവസാനലാപ്പിൽ സിപിഎം ശക്തമായി എടുത്തിടുന്നത് കോൺഗ്രസ്-ബിജെപി രഹസ്യബന്ധം. എന്നാൽ അവിശുദ്ധ കൂട്ടുകെട്ട് സിപിഎമ്മും ബിജെപിയും തമ്മിലെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ലാവലിൻ കേസിൽ പിണറായിയെ ബിജെപി സഹായിക്കുന്നത് ഉദാഹരണമെന്ന് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരത്ത് അടക്കം ബിജെപിയുടെ വൻമുന്നേറ്റത്തിന് തടയിടാൻ ഇടതും വലതും തമ്മിൽ കൂട്ടുകെട്ടെന്നാണ് ബിജെപി ആരോപണം. അഴിമതി ചർച്ചയാകാതിരിക്കാനാണ് ഈ കൂട്ടുകെട്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.