ടോക്കിയോ: വിദൂര ഛിന്നഗ്രഹത്തിൽ നിന്ന് ശേഖരിച്ച സാംപിളുകളുമായി ആറ് വർഷം മുമ്പ് വിക്ഷേപിച്ച ബഹിരാകാശയാനം ഭൂമിയിലെത്തി. ജപ്പാന്റെ ബഹിരാകാശദൗത്യമായ ഹയാബുസ-2 ന്റെ ഭാഗമായായിരുന്നു സാംപിൾ ശേഖരണം. ഏകദേശം 0.1 ഗ്രാം തൂക്കം അളവ് വരുന്ന വസ്തുക്കൾക്ക് പ്രപഞ്ചത്തിന്റെയും ജീവന്റേയും ഉത്പത്തിയെ കുറിച്ച് സൂചന നൽകാനാവുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.
ഞായറാഴ്ച പുലർച്ചെ 2.30നാണ്(ജപ്പാൻ സമയം)പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചത്. ഹയാബുസ-2 ൽ നിന്ന് ശനിയാഴ്ച വേർപ്പെട്ട് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച ക്യാപ്സ്യൂളിൽ നിന്ന് ബീക്കണുകളുടെ സഹായത്തോടെ സാംപിളുകൾ വീണ്ടെടുത്തതായി ജാക്സ സ്ഥിരീകരിച്ചു.
തെക്കൻ ഓസ്ട്രേലിയ മരുഭൂമിയിൽ നിന്ന് വീണ്ടെടുത്ത സാംപിളുകൾ പ്രാഥമികപരിശോധനയ്ക്ക് ശേഷം ജപ്പാനിലെത്തിക്കും. ഭൂമിയിൽ നിന്ന് 300 ദശലക്ഷം കിലോമീറ്റർ അകലെയുള്ള റ്യുഗു ഛിന്നഗ്രഹത്തിൽ നിന്ന് സാംപിളുകൾ ശേഖരിക്കുന്നതിനായി 2014 ൽ ആണ് ദൗത്യമാരംഭിച്ചത്. ശേഖരിച്ചസാംപിളുകൾക്ക് പ്രപഞ്ചോത്പത്തിയ്ക്ക് ശേഷം മാറ്റമുണ്ടായിട്ടില്ല എന്നാണ് ശാസ്ത്രനിഗമനം.
4.6 ബില്യൺ വർഷങ്ങൾ പഴക്കമുള്ള വസ്തുക്കൾ പ്രപഞ്ചത്തിലുണ്ട് എന്നാണ് കരുതപ്പെടുന്നതെന്ന് ഹയാബുസ-2 ദൗത്യത്തിന്റെ മാനേജർ മൊകോട്ടോ യോഷികാവ പറഞ്ഞു.