ബുറെവി ചുഴലിക്കാറ്റ്; തമിഴ്നാട്ടില്‍ കനത്ത മഴ; 20 പേർ മരിച്ചു; കേരളത്തിൽ രണ്ടു ദിവസം കൂടി മഴ

ചെന്നൈ: ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. ഇതുവരെ 20 പേര്‍ മരിച്ചെന്നാണു അനൗദ്യോഗിക കണക്കുകള്‍. എന്നാല്‍ എഴു മരണങ്ങളാണു ഇപ്പോള്‍ സര്‍ക്കാര്‍ കണക്കിലുള്ളത്.
കാവേരി ഡല്‍റ്റ, തെക്കന്‍ ജില്ലകളിലാണു ശക്തമായ മഴയുള്ളത്. വടക്കന്‍ തമിഴ്നാട്ടില്‍ ഇടവിട്ടു മഴ തുടരുകയാണ്.

കൊസസ്തല നദിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് തിരുെവള്ളൂര്‍ ജില്ലയില്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആന്ധ്രപ്രദേശിലെ കൃഷ്ണ നദിയില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടതോടെയാണു കൊസസ്തലയില്‍ ജലനിരപ്പുയരാന്‍ തുടങ്ങിയത്.

അതേസമയം കേരളത്തിൽ രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.