വാഷിംഗ്ടൺ: വാക്സിൻ പരീക്ഷണങ്ങൾ അനുകൂലഫലം നൽകിത്തുടങ്ങിയതിനാൽ കൊറോണയുടെ പരിസമാപ്തിയ്ക്കായി ലോകത്തിന് സ്വപ്നം കാണാനാരംഭിക്കാമെന്ന് ലോകാരോഗ്യസംഘടനാ മേധാവി തെദ്രോസ് അദനോം ഗബ്രെയേസിസ്. എന്നാൽ, വാക്സിനുകൾക്കായുള്ള കൂട്ടയോട്ടത്തിനിടയിൽ ദരിദ്രരാഷ്ട്രങ്ങളെ സമ്പന്നരാഷ്ട്രങ്ങൾ ചവിട്ടിയമർത്തരുതെന്നും തെദ്രോസ് അദനോം കൂട്ടിച്ചേർത്തു.
‘വൈറസിനെ നമുക്ക് എന്നന്നേക്കുമായി നശിപ്പിക്കാം. പക്ഷെ അതിലേക്കുള്ള പാത അപകടകരവും അവിശ്വനീയവുമാണ്. മനുഷ്യത്വത്തിന്റെ നന്മയും ഏറ്റവും മോശമായ വശവും കൊറോണ കാലം നമുക്ക് കാണിച്ചു തന്നു. സഹാനുഭൂതിയും നിസ്വാർഥതയും നിറഞ്ഞ പ്രചോദനപരമായ പ്രവർത്തികളും, ഗവേഷണങ്ങളുടേയും പുത്തൻ ആവിഷ്കാരങ്ങളുടേയും അദ്ഭുതാവഹമായ നേട്ടങ്ങളും കൊറോണ കാലത്തുണ്ടായി എന്നാൽ അതോടൊപ്പം തന്നെ സ്വാർഥതാത്പര്യങ്ങളുടേയും പഴിചാരലുകളേയും ഭിന്നതയുടേയും കാഴ്ചകളും നാം കണ്ടു’. തെദ്രോസ് അദനോം പറഞ്ഞു.
‘ഗൂഢാലോചനയുടെ തന്ത്രങ്ങൾ കാരണം ശാസ്ത്രം പിന്തള്ളപ്പെട്ട, ഭിന്നതയുടെ സ്വരം ഐക്യദാർഢ്യത്തെ തകർത്ത, സ്വർഥതാത്പര്യം ത്യാഗത്തെ മറികടന്ന ചിലയിടങ്ങളിൽ വൈറസ് കൂടുതൽ ശക്തി പ്രാപിക്കുകയും വ്യാപിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു’. പ്രത്യേകമായി പേര് എടുത്തു പറയാതെ രോഗവ്യാപനവും മരണസംഖ്യയും വർധിക്കുന്ന രാജ്യങ്ങളെ കുറിച്ച് അദ്ദേഹം പരാമർശിച്ചു.
കൊറോണ കാലത്തുണ്ടായ പ്രതിസന്ധികളെ അതിജീവിച്ച് ലോകത്തിന് മുന്നോട്ട് പോകണമെന്നും ഉത്പാദനത്തിന്റേയും ഉപഭോഗത്തിന്റേയും മുമ്പുണ്ടായിരുന്ന അതേ നിലയിലേക്കും ശൈലിയിലേക്കും തിരിച്ചെത്തണമെന്നും തെദ്രോസ് അദനോം ആവശ്യപ്പെട്ടു. സ്വകാര്യസ്വത്തായി കാണാതെ വാക്സിൻ സൗകര്യം ലോകത്തെ എല്ലായിടത്തും സമാനരീതിയിൽ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും കൊറോണ പ്രതിസന്ധിയുടെ പരിസമാപ്തിയിലേക്കാണ് നാം നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.