ട്രെയി​ൻ സർവീസുകൾ സാധാരണ നി​ലയി​ലേക്ക്; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ കാലാവധി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയി​ൻ സർവീസുകൾ സാധാരണ നി​ലയി​ലേക്കാകുന്നു. ഇന്റർസിറ്റി ട്രെയിനുകൾ ഈ മാസം മുതൽ ഓടി തുടങ്ങും. കൊറോണയെ തുടർന്ന് സർവീസ് നടത്തുന്ന മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ കാലാവധി ഒരു മാസം കൂടി നീട്ടി. എറണാകുളത്തുനിന്ന് ഹൗറയിലേക്കും ബാറുണിയിലേക്കുമുള്ള സ്പെഷ്യൽ ട്രെയിനിന്റെയും തിരുനെൽവേലയിൽ നിന്ന് തിരുവനന്തപുരം വഴി ഗാന്ധിധാമിലേക്ക് പോകുന്ന പ്രതിവാര സ്പെഷ്യൽ ട്രെയിനിന്റെയും കാലാവധിയാണ് കൂടി നീട്ടിയതെന്ന് റെയിൽവേ അറിയിച്ചു.

എറണാകുളത്തുനിന്ന് ഞായറാഴ്ചകളിൽ രാവിലെ 10.15ന് പുറപ്പെടുന്ന ബാറുണി പ്രതിവാര എക്സ് പ്രസ് ട്രെയിൻ സർവീസ് ജനുവരി മൂന്ന് വരെയും തിങ്കളാഴ്ചകളിൽ രാത്രി 11.25ന് ഹൗറയിലേക്കുള്ള പ്രതിവാര സ്പെഷ്യൽ ട്രെയിൻ 28 വരെയും തിരുനെൽവേലിയിൽ നിന്ന് വ്യാഴാഴ്ചകളിൽ രാവിലെ 7.40ന് പുറപ്പെട്ട് തിരുവനന്തപുരം, പാലക്കാട് വഴി ഗാന്ധിധാം വരെ പോകുന്ന പ്രതിവാര സ്പെഷ്യൽ ഡിസംബർ 31വരെയും നീട്ടി.