അംഗീകരിച്ച ആവശ്യങ്ങൾ കർഷകർക്ക് രേഖാമൂലം എഴുതി നൽകുമെന്ന് കേന്ദ്രസർക്കാർ

ന്യൂഡെൽ​ഹി: അംഗീകരിച്ച ആവശ്യങ്ങൾ കർഷകർക്ക് രേഖാമൂലം എഴുതി നൽകുമെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര സർക്കാർ ഇതുവരെ അംഗീകരിച്ച കാര്യങ്ങൾ രേഖാമൂലം എഴുതി നൽകണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇന്നത്തെ യോഗത്തിലാണ് നിർണായക നീക്കം. ചർച്ച അധികം നീട്ടേണ്ടതില്ലെന്നും സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും യോഗത്തിൽ സംഘടനകൾ ആവശ്യപ്പെട്ടു.

കർഷകർ തങ്ങളുടെ നിലപാട് കടുപ്പിച്ചതോടെയാണ് കഴിഞ്ഞ യോഗത്തിന്റെ തീരുമാനങ്ങൾ രേഖാമൂലം സർക്കാർ കർഷകർക്ക് നൽകിയത്. കേന്ദ്രസർക്കാർ അംഗീകരിച്ച കർഷകരുടെ ആവശ്യങ്ങളാണ് എഴുതി നൽകിയത്. പ്രധാനമന്ത്രിയും കൃഷിമന്ത്രിയുമായി നടന്ന ചർച്ചയിലെ എന്ത് നിലപാടാണ് പ്രധാനമന്ത്രി വിശദീകരിച്ചതെന്ന് യോഗത്തിൽ അറിയിക്കണമെന്ന് ഭാരതീയ കിസാൻ യൂണിയൻ പ്രതിനിധി ആവശ്യപ്പെട്ടു.

അതിനിടെ കേന്ദ്രസർക്കാരിനെതിരായ സമരവുമായി മധ്യപ്രദേശിൽ നിന്നുള്ള കർഷകർ ഡെൽ​ഹി – ആഗ്ര ദേശീയപാത ഉപരോധിക്കുകയാണ്. ഹരിയാനയിലെ പൽവലിലാണ് ഉപരോധം. ഡ​ൽ​ഹിക്ക് തിരിച്ച മറ്റൊരു സംഘം കർഷകരെ ഉത്തർപ്രദേശ് പൊലീസ് മഥുരയിൽ തടഞ്ഞു.

അതേസമയം കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഭാരത ബന്ദ് കേരളത്തില്‍ ഉണ്ടാകില്ല. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനാലാണിത്. ബന്ദിന് പകരം മറ്റ് സമരമാര്‍ഗങ്ങള്‍ ആലോചിക്കുമെന്ന് കേരള കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.ബന്ദില്‍ നിന്നും കേരളത്തെ ഒഴിവാക്കേണ്ടി വരുമെന്നും മറ്റു മാര്‍ഗങ്ങളുമായി കര്‍ഷക കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയും പറഞ്ഞു.