കൊറോണ വാക്സിൻ സ്വീകരിച്ചവരിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകരുമോ എന്ന് വ്യക്തമല്ലെന്ന് ഫൈസർ

വാഷിംഗ്ടൺ: ഫൈസറിന്റെ കൊറോണ വാക്സിൻ സ്വീകരിച്ചവർക്ക് മറ്റുള്ളവരിലേക്ക് വൈറസ് പകർത്താൻ കഴിയുമോ എന്ന കാര്യം വ്യക്തമല്ലെന്ന് ഫൈസർ ചെയർമാൻ. എൻബിസിയുടെ ഒരു പരിപാടിയിൽ വാക്‌സിൻ സ്വീകരിച്ച ഒരാൾക്ക് വൈറസ് പടർത്താൻ സാധിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വാക്‌സിനേഷൻ ലഭിച്ച ഒരാൾക്ക് കൊറോണ വൈറസ് പടർത്താൻ സാധിക്കുമോ എന്നതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ മരുന്ന് നിർമാണകമ്പനിയായ ഫൈസറും ജർമൻ പങ്കാളികളായ ബയേൺടെകും സംയുക്തമായാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. അവസാനഘട്ട പരീക്ഷണങ്ങൾ പൂർത്തിയായപ്പോൾ കൊറോണ വാക്‌സിൻ 95 ശതമാനം ഫലപ്രദമെന്ന് ഫൈസർ വ്യക്തമാക്കിയിരുന്നു. ഫൈസറിന്റെ കൊറോണ വാക്‌സിൻ അടിയന്തിര ഉപയോഗത്തിന് യുകെയും ബഹ്റൈനും അംഗീകരിച്ചിരുന്നു.