ഒട്ടാവ: വിവാദ കർഷക നിയമത്തിനെതിരെ ഇന്ത്യയിൽ തുടരുന്ന കർഷക സമരത്തിനുള്ള പിന്തുണ ആവർത്തിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ആഭ്യന്തര പ്രശ്നത്തിൽ ഇടപെട്ടുവെന്ന ഇന്ത്യയുടെ പ്രതിഷേധം നിലനിൽക്കെയാണ് നിലപാടിൽ മാറ്റമില്ലെന്ന് കാനഡ ആവർത്തിച്ചത്.
കർഷക സമരത്തെ പിന്തുണച്ച സംഭവത്തിൽ നേരത്തെ, കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചിരുന്നു ഇന്ത്യ. എന്നാൽ ലോകത്തെവിടെയും നടക്കുന്ന സമാധാനപൂർവമായ സമരത്തിനുള്ള അവകാശത്തെ കാനഡ മാനിക്കുന്നുവെന്നാണ് ഇതിനോട് ട്രൂഡോ പ്രതികരിച്ചത്. നിലവിൽ കർഷകരുമായി ചർച്ച ആരംഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കർഷക സമരത്തിന് പിന്തുണ നൽകുന്നത് ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തെ ബാധിക്കുമെന്ന ആശങ്കയില്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, മനുഷ്യാവകാശങ്ങൾക്കും, സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശത്തിനും വേണ്ടി കാനഡ നിലകൊള്ളുമെന്നായിരുന്നു ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്.
കര്‍ഷകരുടെ പ്രതിഷേധത്തെകുറിച്ച് ഇന്ത്യയില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണെന്നായിരുന്നു നേരത്തെ കാനഡ പറഞ്ഞത്. സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ആധിയുണ്ട്. തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡയെന്നും പറഞ്ഞിരുന്നു. ഇതിനെതിരെ ഇന്ത്യ രംഗത്ത് വരികയായിരുന്നു.
കാനഡയുടെ പ്രതികരണത്തെ തുടർന്ന് കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ അതൃപ്തി അറിയിക്കുകയായിരുന്നു. ട്രൂഡോയുടെ പരാമര്‍ശം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്നും ഇന്ത്യ ഹൈക്കമ്മീഷണർക്ക് മുന്നറിയിപ്പു നല്കുകയുണ്ടായി.