റുവാണ്ട: ജനിക്കുമ്പോൾ തന്നെ തല സാധാരണയിൽ അധികം ചെറുത്. മരത്തിന്റെ മുകളിൽ താമസം. പുല്ലുകളും പഴങ്ങളും ഭക്ഷണം. മറ്റുള്ളവരിൽ നിന്നും രൂപത്തിലും ഭാവത്തിലും വ്യത്യസ്തം അയത് കൊണ്ട് തന്നെ റുവാണ്ടക്കാരനായ സൻസിമാൻ എല്ലിയെ ആരും അടുപ്പിക്കാറില്ല.
സ്വന്തം രൂപം തന്നെ ശാപമായി മാറിയ അനുഭവമാണ് സൻസിമാൻ എല്ലിയ്ക്ക് പറയാൻ ഉള്ളത്. മൈക്രോസെഫലി എന്ന ജനിതകരോഗമാണ് സൻസിമാനുള്ളത്. ജനിക്കുമ്പോൾ തന്നെ തല സാധാരണയിൽ അധികം ചെറുത്. ഈ രൂപം മൂലം ആളുകൾ സൻസിമാനെ വിരൂപിയെന്നും മൃഗമെന്നുമൊക്കെ വിളിച്ചാണ് അധിക്ഷേപിക്കുന്നത്.
21 വയസ്സാണ് പ്രായമെങ്കിലും ആൾക്കൂട്ടത്തിനൊപ്പം ചേരാനോ ഇടപഴകാനോ അവന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. അടുത്തേക്ക് വന്നാൽ പോലും ചിലർ അവനെ ഓടിച്ചുവിടും. നാട്ടുകാരുടെ ദേഹോപദ്രവത്തിൽ നിന്നും ആക്ഷേപത്തിൽ നിന്നും രക്ഷതേടാൻ ദിവസവം മൈലുകളോളം അവൻ വനത്തിനുള്ളിലൂടെ സഞ്ചരിക്കും.
വളരെ വേഗത്തിലാണ് സൻസിമാൻ നടക്കുന്നതും ഓടുന്നതുമെല്ലാം. ആരും അതിശയിച്ചുപോകുന്ന വേഗത്തിൽ മരത്തിന്റെ മുകളിലേക്ക് പോലും അവൻ ഓടിക്കയറും. മണിക്കൂറുകളോളം മരത്തിന്റെ മുകളിൽ തന്നെ തങ്ങും. ചിലപ്പോൾമരത്തിന്റെ ഇലകളും പുല്ലുകളും വരെ കഴിക്കും. സാധാരണ ആളുകൾ കഴിക്കുന്ന ഭക്ഷണത്തേക്കാളും അവന് ഇത്തരം പുല്ലും പഴങ്ങളുമാണ് താൽപര്യമെന്ന് സാൻസിമാന്റെ ബന്ധുക്കൾ പറയുന്നു.
സൻസിമാന്റെ അമ്മയ്ക്ക് അഞ്ച് കുട്ടികൾക്ക് ശേഷമുണ്ടായ മകനാണ് ഇത്. അതുകൊണ്ട് നാട്ടുകാരുടെ അധിക്ഷേപത്തിന് ഇരയാവാറുണ്ടെങ്കിലും അമ്മയ്ക്ക് അത്ഭുതശിശുവാണ് സൻസിമാൻ. മറ്റുള്ളവരെ പോലെ സംസാരിക്കാൻ അവന് കഴിയില്ലെങ്കിലും അമ്മ നൽകുന്ന നിർദേശങ്ങൾ കേൾക്കാനും മനസ്സിലാക്കാനും അനുസരിക്കാനും അവന് കഴിയും.
എന്താണ് മൈക്രോസെഫലി
പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത ജനിതക രോഗമാണ് മൈക്രോസെഫലി. തലയ്ക്കുണ്ടാവുന്ന വലിപ്പവ്യത്യാസമാണ് രോഗത്തിന്റെ പ്രകടമായ സൂചന. ഇത്തരം ആളുകൾക്ക് ശാരീരിക വൈകല്യങ്ങളും പഠന വൈകല്യങ്ങളും ഉണ്ടാവാം. സിക വൈറസ് ബാധയേറ്റ സ്ത്രീകൾ പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക് ഇത്തരം രോഗമുണ്ടായേക്കാമെന്ന് പഠനങ്ങളുണ്ട്.