നേതൃപാടവത്തില്‍ സ്ഥിരത ഇല്ല; രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ശരത്പവാര്‍

മുംബൈ: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തില്‍ സ്ഥിരത ഇല്ലെന്ന് എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാറിന്‍റെ വിമർശനം. മഹാരാഷ്ട്രയിലെ അഖാഡി സഖ്യം അധികാരത്തില്‍ ഒരു വര്‍ഷം തികയ്ക്കുകയാണ്. ഈ അവസരത്തില്‍ വിപുലമായ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന പാര്‍ട്ടികളുടെ തീരുമാനം. ഇതിനിടെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധിയുടെ നേത്യത്വപാടവത്തെ കുറിച്ച്‌ ശരത് പവാര്‍ സംശയം പ്രകടിപ്പിച്ചത്.

മഹാരാഷ്ട്ര മാതൃകയില്‍ ബിജെപി വിരുദ്ധ ചേരിയെ ഒരുമിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുന്നില്ലെന്ന് ശരത് പവാര്‍ പറഞ്ഞു. നേതാവ് എന്ന രീതിയില്‍ രാഹുല്‍ ഗാന്ധിക്ക് സ്ഥിരത ഇല്ലാത്തതാണ് കാരണം. രാജ്യത്തെ പ്രതിപക്ഷ സഖ്യത്തെ നയിക്കുന്നത് ഇനിയുള്ള നാളില്‍ രാഹുല്‍ ഗാന്ധി ആയിരിക്കുമെന്ന് പറയാന്‍ തനിക്ക് സാധിക്കില്ല.

കോണ്‍​ഗ്രസിലെ മുതിര്‍ന്ന പരിചയ സമ്പന്നരായ നേതാക്കള്‍ക്ക് പോലും രാഹുല്‍ ഗാന്ധിയുടെ പ്രപര്‍ത്തന രീതിയില്‍ എതിര്‍പ്പുണ്ട്. സ്വന്തം പാര്‍ട്ടിയില്‍ എതിര്‍പ്പ് ഉയരുമ്പോള്‍ രാഹുലിന് മറ്റ് പാര്‍ട്ടികളുടെയെല്ലാം കൂട്ടായ്മയുടെ നേതൃപദവി വഹിക്കാന്‍ സാധിക്കില്ലെന്നും പവാര്‍ വിമര്‍ശിച്ചു.

രാഹുലിനെക്കുറിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡ‍ന്‍റ് ബരാക് ഒബാമ പറഞ്ഞ കാര്യത്തെക്കുറിച്ചും ശരത് പവാര്‍ സൂചിപ്പിച്ചു. ഒന്നിലും താല്‍പര്യമില്ലാത്തയാളെന്നാണ് ‘ എ പ്രോമിസ്‍ഡ് ലാന്‍ഡ്’ എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചത്.”നമ്മുടെ രാജ്യത്തിലെ നേതൃത്വത്തെക്കുറിച്ച് ഞാനെന്തും പറയും. പക്ഷെ മറ്റൊരു രാജ്യത്തെക്കുറിച്ച് പറയില്ല. എല്ലാവരും അവരുടെ പരിധി നിലനിര്‍ത്തണം. ഒബാമ ആ പരിധി വിട്ടുവെന്നും” പവാര്‍ പറഞ്ഞു.