ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊറോണ വാക്‌സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിതരണത്തിന് തയ്യാറാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിന്‍ വില സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ച തുടരുകയാണെന്നും സര്‍വകക്ഷി യോഗത്തില്‍ മോദി പറഞ്ഞു.
കൊറോണ വൈറസിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താനും വാക്‌സിന്‍ വിതരണം സംബന്ധിച്ച് ധാരണയില്‍ എത്താനുമാണ് മോദി സര്‍വകക്ഷിയോഗം വിളിച്ചത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ വിതരണത്തിന് തയ്യാറാവും എന്നാണ് വിദഗ്ധര്‍ പറയുന്നത്.
വിദഗ്ധര്‍ അംഗീകാരം നല്‍കുന്ന മുറയ്ക്ക് തന്നെ വാക്‌സിനേഷന്‍ രാജ്യത്ത് ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍, മുതിര്‍ന്ന പൗരന്മാര്‍, ഗുരുതര രോഗങ്ങള്‍ നേരിടുന്നവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുക എന്നും മോദി യോഗത്തില്‍ പറഞ്ഞു.
വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി കേന്ദ്രം യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. കുറഞ്ഞ നിരക്കില്‍ വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ലോകം തയ്യാറെടുക്കുന്നത്.
വാക്‌സിന്‍ വിതരണത്തിന് രാജ്യത്തിന് കാര്യക്ഷമമായ സംവിധാനവും വൈദഗ്ധ്യവുമുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.