ഗീതാഞ്ജലി റാവു, 15കാരി ഇന്ത്യന്‍ വംശജ ; ടൈം മാഗസിന്‍റെ‍ ആദ്യ കിഡ് ഓഫ് ദി ഇയര്‍

വാഷിംഗ്ടൺ: ഇന്ത്യന്‍ വംശജയായ 15കാരി ഗീതാഞ്ജലി റാവു ടൈം മാഗസിന്‍റെ‍, ആദ്യ കിഡ് ഓഫ് ദി ഇയര്‍. യുവ ശാസ്ത്രജ്ഞ എന്ന നിലയിലും തന്‍റെ കണ്ടുപിടുത്തങ്ങളുടെ പേരിലും ഏറെ ശ്രദ്ധേയയാണ് ഈ പെണ്‍കുട്ടി. ജലമലിനീകരണം, മയക്കുമരുന്നിന്റെ അമിത ഉപയോഗം നിയന്ത്രിക്കാനും, സൈബർ ബുള്ളിയിങ് പരിഹരിക്കാനും ടെക്നോളജി ഉപയോഗിക്കുന്നതെങ്ങനെ എന്നിവയടക്കം ആരെയും അത്ഭുതപ്പെടുത്തുന്നവയാണ് ഈ പെണ്‍കുട്ടിയുടെ കണ്ടുപിടുത്തങ്ങള്‍ ഓരോന്നും.

8 മുതൽ 16 വയസു വരെയുള്ള കുട്ടികളിൽ നിന്നും ലഭിക്കുന്ന അപേക്ഷയിൽ നിന്നുമാണ് ടൈം മാഗസിൻ മികച്ച വിദ്യാർത്ഥിയെ തിരഞ്ഞെടുക്കുന്നത്. 5000ലധികം അമേരിക്കൻ വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച അപേക്ഷകളിൽ നിന്നുമാണ് ഗീതാഞ്ജലിയെ മാഗസിൻ ജൂറി തിരഞ്ഞെടുത്തത്. ആക്ടിവിസ്റ്റും അഭിനേത്രിയുമായ ആഞ്‌ജലീന ജോളിയാണ് ഗീതാഞ്ജലിയെ അഭിമുഖം ചെയ്തിട്ടുള്ളത്. ഇതിന്റെ പൂർണ്ണരുപവും ടൈം മാഗസിൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുമ്പ് ഫോർബ്‌സ് മാഗസിന്റെ 30 അണ്ടർ 30 ഇന്നവേഷൻസ് പ്രോഗ്രാമിലും ഗീതാഞ്ജലി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. തനിക്കിതെല്ലാം ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ എല്ലാവര്‍ക്കും കഴിയുമെന്നായിരുന്നു ഗീതാഞ്ജലിയുടെ പ്രതികരണം.
താന്‍ രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസിലോ പഠിക്കുമ്പോൾ തന്നെ, സാമൂഹമാറ്റത്തിനായി ശാസ്ത്രവും സാങ്കേതികവിദ്യയും എങ്ങനെ ഉപയോഗിക്കാമെന്ന് ചിന്തിച്ചിരുന്നുവെന്ന് ഗീതാഞ്ജലി പറയുന്നു.

പത്തുവയസ്സുള്ളപ്പോഴാണ്, ഡെൻവർ വാട്ടർ ക്വാളിറ്റി റിസർച്ച് ലാബിൽ കാർബൺ നാനോട്യൂബ് സെൻസർ സാങ്കേതികവിദ്യയെക്കുറിച്ച് ഗവേഷണം നടത്തണമെന്ന് മാതാപിതാക്കളോട് പറഞ്ഞതെന്നും ഗീതാഞ്ജലി പങ്കുവയ്ക്കുന്നു.