Home State ഭീതി ഒഴിയുന്നു; അതിതീവ്ര ന്യൂനമർദം ശക്തി കുറഞ്ഞ് ന്യൂനമർദമായി മാറും; 36 മണിക്കൂറിനുള്ളിൽ ദുർബലമാകും

ഭീതി ഒഴിയുന്നു; അതിതീവ്ര ന്യൂനമർദം ശക്തി കുറഞ്ഞ് ന്യൂനമർദമായി മാറും; 36 മണിക്കൂറിനുള്ളിൽ ദുർബലമാകും

0

തിരുവനന്തപുരം: മാന്നാർ കടലിടുക്കിൽ എത്തിയ അതിതീവ്ര ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറുകയും ചെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. ശേഷമുള്ള 24 മണിക്കൂറിൽ തീവ്ര ന്യൂനമർദം കൂടുതൽ ദുർബലമായി ഒരു ന്യൂനമർദമായി ആയി മാറുമെന്നാണ് പ്രവചനം.

കഴിഞ്ഞ ആറു മണിക്കൂറായി അതിതീവ്ര ന്യൂനമർദം രാമനാഥപുരത്തിന് സമീപമായി തുടരുകയാണ്. അതിതീവ്ര ന്യൂനമർദം അതിന് ശേഷം രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലൂടെ പതുക്കെ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിതീവ്ര ന്യൂനമർദം അടുത്ത 36 മണിക്കൂറിൽ കൂടുതൽ ദുർബലമാകും. കേരളത്തിലെത്തുന്നതിന് മുന്നേ തമിഴ്‌നാട്ടിൽ വെച്ച് തന്നെ ന്യൂനമർദത്തിലെ കാറ്റിൻ്റെ വേഗത മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിമീ വേഗത മാത്രമായി മാറാനാണ് സാധ്യത.

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്. ഇന്ന് രാത്രി മുതൽ 12 മണിക്കൂർ നേരത്തേക്ക് തെക്കൻ കേരളത്തിൽ മണിക്കൂറിൽ ഏകദേശം 35 മുതൽ 45 വരെ കിമീ വേഗതയുള്ള കാറ്റ് ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

നിലവിൽ ഇത് രാമനാഥപുരത്ത് നിന്ന് 40  കിമീ ദൂരത്തിലും, പാമ്പനിൽ നിന്നും 70 കിമീ ദൂരത്തിലും, കന്യാകുമാരിയിൽ നിന്ന് ഏകദേശം 160 കിമീ ദൂരത്തിലുമാണ്. നിലവിൽ അതിതീവ്ര ന്യൂനമർദത്തിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 50 മുതൽ 60 കിമീ വരെയും ചില അവസരങ്ങളിൽ 70 കിമീ വരെയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here