ബുറെവി ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞു: തെക്കൻ കേരളത്തിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: ശ്രീലങ്കയിൽ വീശിയ ബുറെവി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ഇന്ന് ഉച്ചയ്ക്ക് ശേഷം ന്യൂനമർദമായി തെക്കൻ കേരളത്തിലെത്തും. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽനിന്ന് തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലൂടെ വൈകുന്നേരത്തോടെയാണ് കേരളത്തിലെത്തുക. തെക്കൻ കേരളത്തിലൂടെ സഞ്ചരിച്ച് കാറ്റ് അറബിക്കടലിലേക്കു കടക്കും.

ബുറേവി ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ഇന്ന് തിരുവനന്തപുരം മുതലുള്ള ഏഴ് ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിനെത്തുടർന്ന് തെക്കൻ കേരളത്തിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു. പത്തു ജില്ലകളിൽ വെള്ളിയാഴ്ച യെല്ലോ അലർട്ട് മാത്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബുറെവിയുടെ തീവ്രത കുറഞ്ഞതോടെയാണ് ജാഗ്രതാ നിർദേശത്തിലെ മാറ്റം.

അടുത്ത 3 മണിക്കൂറിൽ തിരുവനതപുരം, കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം,കോഴിക്കോട്,വയനാട് ജില്ലകളിൽ ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

‘ബുറേവി’ ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ, തമിഴ്നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദമായി മാറിയാണ് സഞ്ചരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം അതിതീവ്ര ന്യൂനമർദം തമിഴ്നാട്ടിലൂടെ സഞ്ചരിച്ച് കൂടുതൽ ദുർബലമായി ഒരു ന്യൂനമർദമായി മാറി കൊണ്ടായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക. ബുറേവി ചുഴലിക്കാറ്റ് ഇപ്പോള്‍ മാന്നാര്‍ കടലിടുക്കിലാണുള്ളത്. ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊടാന്‍ വൈകുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ നല്‍കുന്ന സൂചന. ബുറേവി ഇപ്പോഴും രാമനാഥപുരത്തിന് 40 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇത് തൂത്തുക്കുടിയ്ക്കും രാമനാഥപുരത്തിനും ഇടയില്‍ കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിമീ വേഗതയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കൻ മേഖലയിലൂടെ ന്യൂനമർദം അറബിക്കടലിലെത്തും.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മലയോര മേഖലകളില്‍ അടക്കം അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ മല്‍സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു.പൊലീസ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ് തുടങ്ങിയ രക്ഷാസേനകളെ വിന്യസിച്ചു. തിരുവനന്തപുരം വിമാനത്താവളം ഇന്നു രാവിലെ 10 മുതൽ വൈകിട്ട് 6 വരെ അടച്ചിടും. വൈദ്യുതി കൺട്രോൾ റൂം, വൈദ്യുതി ബോർഡിന്റെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും.

പിഎസ്‌സിയും കേരള, എംജി, കുസാറ്റ്, ആരോഗ്യ സർവകലാശാലകളും ഇന്നത്തെ പരീക്ഷകൾ മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. അതേസമയം പിഎസ്‌സി ഇന്നു നിശ്ചയിച്ച അഭിമുഖത്തിനു മാറ്റമില്ല. ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര മേഖലയിലേക്കുള്ള യാത്രകൾ, അഡ്വഞ്ചർ ടൂറിസം, ബോട്ടിങ്, ഓഫ് റോഡ് ഡ്രൈവിങ് എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാരവും നാളെ വരെ നിരോധിച്ചു.