മുംബൈ: മഹാരാഷ്ട്ര നിയമസഭ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി. ആറ് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നാലിടത്ത് കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യം വിജയിച്ചു. ഒരിടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.
ബിജെപിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. നാഗ്പുർ, പുണെ എന്നീ സീറ്റുകളിൽ ബിജെപിക്ക് പരാജയം സംഭവിച്ചതാണ് ഏറ്റവും ശ്രദ്ധേയം. കാരണം ബിജെപിയുടെ ശക്തികേന്ദ്രമാണ് നാഗ്പൂർ. കേന്ദ്രമന്ത്രിയായ നിതിൻ ഗഡ്കരി ആദ്യമായി സംസ്ഥാന മന്ത്രിസഭയിലെത്തുന്നത് നാഗ്പൂരിൽ നിന്ന് നിയമസഭ കൗൺസിലിലേക്ക് വിജയിച്ചാണ്.
പുണെ, നാഗ്പൂർ എന്നിവിടങ്ങളിൽ കോൺഗ്രസും ഔറംഗബാദ്, മറാത്ത് വാഡ സീറ്റുകളിൽ എൻ.സി.പിയും വിജയിച്ചു. ധുലെ-നന്ദുർബറിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. ഒരു സീറ്റിൽ സ്വതന്ത്രനും വിജയിച്ചു.
വോട്ടുവിഹിതമുണ്ടെങ്കിലും ഒരുമിച്ചു നിൽക്കുന്ന കോൺഗ്രസ്-എൻസിപി- ശിവസേന സഖ്യത്തെ പരാജയപ്പെടുത്താനാകുന്നില്ല എന്നതാണ് ബിജെപി ഇപ്പോൾ നേരിടുന്ന വലിയ വെല്ലുവിളി.