ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാരിൻ്റെ പുതിയ കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ 8 ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം കർശനമാക്കി തങ്ങളുന്നയിച്ച ആവശ്യങ്ങൾ നേടിയെടുക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.
അന്ന് രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കാനും തീരുമാനിച്ചു. എട്ടാം തിയതി എല്ലാ ടോൾ പ്ലാസകളും ഉപരോധിക്കാനും തീരുമാനമുണ്ട്. ഡെൽഹിയിലേക്കുള്ള എല്ലാ റോഡുകളും തടയാനും തീരുമാനിച്ചിട്ടുണ്ട്.
കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരിനെതിരെ നിലപാട് കർശനമാക്കുന്നത്. സമരം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം നടത്തി കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് സമര നേതാക്കളുടെ നീക്കം.
നിയമഭേദഗതി പിൻവലിക്കുന്നതിൽക്കുറഞ്ഞ ഒരു സമവായനീക്കത്തിനും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ഓൾ ഇന്ത്യാ കിസാൻ സഭയുൾപ്പടെയുള്ള കർഷകസംഘടനകൾ. മിനിമം താങ്ങുവില ഉറപ്പു നൽകുന്ന തരത്തിൽ കർഷക നിയമ ഭേദഗതികളിൽ ചട്ടങ്ങൾ കൊണ്ടുവരുമെന്ന് രേഖാമൂലം ഉറപ്പു നൽകാമെന്നാണ് കേന്ദ്രസർക്കാരിൻ്റെ വാഗ്ദാനം.