ന്യൂഡെൽഹി: കൊറോണ സ്ഥിരീകരിച്ച മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എകെ ആൻ്റണി രോഗം ഭേദമായി ആശുപത്രി വിട്ടു. 17 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ആൻ്റണി ആശുപത്രി വിട്ടത്.
ഡെൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലായിരുന്നു അദ്ദേഹം ചികിത്സ തേടിയത്. നേരത്തെ ആൻറണിയുടെ ഭാര്യ എലിസബത്തിനും കൊറോണ സ്ഥിരീകരിച്ചിരുന്നു. എലിസബത്തും കൊറോണ മുക്തയായി.
അതേസമയം രാജ്യത്ത് കൊറോണ വാക്‌സിൻ വിതരണത്തിന് ശീതീകരണ യൂണിറ്റുകൾ ലഭ്യമാക്കാൻ ലക്‌സംബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായി കേന്ദ്രസർക്കാർ ചർച്ച നടത്തും. ലക്സംബർഗിലെ ബി മെഡിക്കൽ സിസ്റ്റംസ് കമ്പനി അധികൃതർ ആദ്യഘട്ട ചർച്ചകൾക്കായി ശനിയാഴ്ച ഇന്ത്യയിലെത്തും. മൈനസ് 80 ഡിഗ്രി താപനിലയിൽ വരെ വാക്സിൻ ശേഖരിക്കാനുള്ള സാങ്കേതിക വിദ്യ ബി മെഡിക്കൽ സിസ്റ്റംസിനുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രാലയം, വിദേശകാര്യമന്ത്രാലയം പ്രതിനിധികളുമായും നീതി ആയോഗ് ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും.ഭാരത് ബയോടെക്, പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ട്, സൈഡൻ ബയോടെക് പാർക്ക് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുമായും സംഘം ചർച്ച നടത്തും.